കാർബൺ മലിനീകരണം കുറയ്ക്കാൻ ലോകം മുഴുവൻ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ ഓടുമ്പോൾ, നമ്മളൾ അറിയാതെ ഒരു വലിയ കെണിയിൽ വീഴുകയാണോ? ഈ ‘പരിസ്ഥിതി സൗഹൃദ’ നീക്കത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഞെട്ടിക്കുന്ന ഒരു സത്യമുണ്ട് – ലിഥിയം ഖനനം വരുത്തിവെക്കുന്ന അതി ഭയാനകമായ പാരിസ്ഥിതിക നാശം എന്ന സത്യം!
ലോകത്തിലെ ഏറ്റവും വലിയ ലിഥിയം ശേഖരങ്ങളിലൊന്ന് ചിലിയിലെ അറ്റകാമ മരുഭൂമിയിലെ ഉപ്പുപാടങ്ങൾക്കടിയിലാണ്. ഓസ്‌ട്രേലിയ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ലിഥിയം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചിലി. പണ്ട്, പച്ചപ്പും തണ്ണീർത്തടങ്ങളും നിറഞ്ഞുകിടന്ന ഈ പ്രദേശങ്ങൾ ഇപ്പോൾ വറ്റി വരണ്ട് വിണ്ടുകീറിയിരിക്കുകയാണ്. ചി ലിയുടെ ലിഥിയം ഉത്പാദനത്തിന്റെ പ്രധാന കേന്ദ്രമായ സലാർ ഡി അറ്റകാമ ഒരു കാലത്ത് വിശാലമായ ഉപ്പുപാടങ്ങളും, ചതുപ്പുകളും, തടാകങ്ങളും, 185-ഓളം തരം പക്ഷികളുമുള്ള ഒരു പറുദീസയായിരുന്നു.
ഇന്ന് അവിടത്തെ തടാകങ്ങളിൽ വെള്ളമില്ലാതായി, ഫ്ലമിംഗോ പക്ഷികളുടെ പ്രജനനം പോലും നിലച്ചു. വെള്ളത്തിലെ സൂക്ഷ്മജീവികളെ ഖനനം ബാധിച്ചതോടെ അവിടുത്തെ മുഴുവൻ ആവാസവ്യവസ്ഥയും തകരുകയാണ്. ഇത് വെറുമൊരു പ്രാദേശിക പ്രശ്നമല്ല, നമ്മുടെ ‘ഹരിത’ ഭാവിക്ക് വേണ്ടി ഒരു ജനതയുടെ പ്രകൃതിയെ നമ്മൾ ബലികൊടുക്കുന്നു എന്നതിന്റെ നേർചിത്രമാണ്!
ഇലക്ട്രിക് കാറുകളും മൊബൈൽ ഫോണുകളും സോളാർ പാനലുകളുമെല്ലാം പ്രവർത്തിപ്പിക്കാൻ ലിഥിയം അത്യാവശ്യമാണ്. ലോകം പുനരുപയോഗ ഊർജത്തിലേക്ക് മാറുമ്പോൾ ലിഥിയത്തിന്റെ ആവശ്യം കുത്തനെ കൂടി. 2021-ൽ ലോകം 95,000 ടൺ ലിഥിയം ഉപയോഗിച്ചെങ്കിൽ, 2024-ൽ അത് 205,000 ടണ്ണായി ഇരട്ടിയിലധികം വർധിച്ചു! 2040-ഓടെ ഇത് 900,000 ടണ്ണിന് മുകളിലെത്തുമെന്നാണ് പ്രവചനം!
ഈ ലിഥിയം ദാഹം ശമിപ്പിക്കാൻ വേണ്ടത് കോടിക്കണക്കിന് ലിറ്റർ വെള്ളമാണ്. ഒരു ടൺ ലിഥിയം ഖനനം ചെയ്യാൻ 22.73 ലക്ഷം ലിറ്റർ വെള്ളം വേണം! ചിലീയിലെ ജലസ്രോതസ്സുകൾ വറ്റിവരളുന്നതിന്റെ പ്രധാന കാരണം ഇതാണ്. ശുദ്ധജല ദൗർലഭ്യം വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപ്പോൾ, ഇലക്ട്രിക് വാഹനങ്ങൾ ശരിക്കും ഒരു നല്ല പരിഹാരമാണോ? അതോ പ്രകൃതിക്ക് പുതിയൊരു ഭീഷണി ഉയർത്തുകയാണോ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് നമ്മൾ ഓരോരുത്തരുമാണ്.
The tears behind the word 'environmentally friendly'; The real crisis created by lithium mining!






