കാനഡയിലെ മീസിൽസ് വ്യാപനം കൂടുതൽ രൂക്ഷമായി തുടരുന്നു. സസ്കാച്ചവാൻ പ്രവിശ്യയിൽ ഈ ആഴ്ച 15 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഈ വർഷത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 27 ആയി ഉയർന്നു. വാക്സിനേഷൻ എടുക്കാത്ത കുട്ടികളിലാണ് രോഗം കൂടുതലായും കണ്ടെത്തിയിരിക്കുന്നത്. ഇതിൽ വാക്സിൻ സ്വീകരിക്കാൻ പ്രായമാകാത്ത ശിശുക്കളും ഉൾപ്പെടുന്നു.
ഒന്റാരിയോയിൽ കഴിഞ്ഞ ഒക്ടോബർ മുതൽ 1,440 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. പ്രധാനമായും വാക്സിനേഷൻ നിരക്ക് കുറഞ്ഞ ഗ്രാമീണ തെക്കുപടിഞ്ഞാറൻ മേഖലകളിലാണ് രോഗവ്യാപനം കൂടുതൽ. വാക്സിനേഷൻ രേഖകൾ പൂർത്തിയാക്കാത്തതിനാൽ 900-ലധികം വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്ന് താൽക്കാലികമായി പുറത്താക്കിയിട്ടുണ്ട്. ആൽബർട്ടയിൽ 300-ലധികം കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യ അവബോധ പ്രചാരണവും ആരംഭിച്ചു.
“മീസിൽസ് രോഗം കുട്ടികളിൽ മസ്തിഷ്ക വീക്കം ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. MMR വാക്സിൻ ആണ് ഈ രോഗത്തിനെതിരെയുള്ള ഏറ്റവും ഫലപ്രദമായ സംരക്ഷണം,” എന്ന് കാനഡയിലെ മുതിർന്ന ആരോഗ്യ വിദഗ്ധ ഡോ. തേറസ താം പറഞ്ഞു. ന്യൂ ബ്രൺസ്വിക്കിലെ ഒരു പൊതു സമ്മേളനത്തിനു ശേഷമാണ് രോഗം പടരാൻ തുടങ്ങിയതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ക്വിബെക് പ്രവിശ്യയിൽ രോഗം നിയന്ത്രണവിധേയമായപ്പോൾ, നോവ സ്കോഷ്യയിലും നോർത്ത്‌വെസ്റ്റ് ടെറിട്ടറീസിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.



