ഒന്റാറിയോ: നിങ്ങളുടെ പ്രദേശത്ത് ആര് ആഹാരസാധനങ്ങൾ വിൽക്കണം എന്ന് തീരുമാനിക്കുന്നത് വൻകിട ഗ്രോസറി കമ്പനികളാണെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. കാനഡയിലെ പ്രമുഖ മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ലോബ്ലോസ്, സോബീസ്, മെട്രോ തുടങ്ങിയ വമ്പൻ കമ്പനികൾ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് ചെറുകിട കച്ചവടക്കാരെ പൂട്ടിക്കുന്ന വിവരം പുറത്തുവന്നത്.
ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളിലും വാടക കരാറുകളിലും ‘Restrictive Covenants’ എന്ന പ്രത്യേക നിബന്ധനകൾ ഉൾപ്പെടുത്തിയാണ് ഈ നിയന്ത്രണം നടപ്പിലാക്കുന്നത്. ഇതനുസരിച്ച് ഒരു വലിയ ഗ്രോസറി ഷോപ്പിന് സമീപം മറ്റ് ചെറിയ കടകളോ ഡോളർ സ്റ്റോറുകളോ ഫാർമസികളോ ഭക്ഷണസാധനങ്ങൾ വിൽക്കുന്നത് തടയാൻ ഇവർക്ക് സാധിക്കും. ചിലയിടങ്ങളിൽ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വരെ പുതിയ ഭക്ഷ്യവിൽപ്പനശാലകൾ തുടങ്ങാൻ പാടില്ലെന്ന കർശന വ്യവസ്ഥകളുണ്ട്.
വിപണിയിൽ മറ്റ് കടകൾ വരുന്നത് തടയുന്നതിലൂടെ സാധനങ്ങൾക്ക് അമിതവില ഈടാക്കാൻ ഈ കമ്പനികൾക്ക് കഴിയുന്നുവെന്ന് സാമ്പത്തിക വിദഗ്ധനായ ജിം സ്റ്റാൻഫോർഡ് ചൂണ്ടിക്കാട്ടി. വിനിപെഗിലെ സോബീസ് സ്റ്റോറിന് സമീപം മറ്റൊരാൾക്ക് ആഹാരസാധനങ്ങൾ വിൽക്കണമെങ്കിൽ കമ്പനിയുടെ പ്രത്യേക അനുമതി വേണമെന്ന നിബന്ധനയുണ്ട്. ഒന്റാറിയോയിലെ ചിലയിടങ്ങളിൽ മാംസം, പച്ചക്കറി, ഡയറി ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്നതിന് ഡോളർ സ്റ്റോറുകൾക്ക് പൂർണ്ണ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
വിഷയം ഗൗരവമായതോടെ കോമ്പറ്റീഷൻ ബ്യൂറോ (Competition Bureau) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ചില പ്രദേശങ്ങളിൽ ഇത്തരം നിയന്ത്രണങ്ങൾ നീക്കം ചെയ്യാൻ കമ്പനികളുമായി ധാരണയിലെത്തി. മാനിറ്റോബ സർക്കാർ ഇത്തരം നിയന്ത്രണങ്ങൾ തടയാൻ പുതിയ നിയമം തന്നെ കൊണ്ടുവന്നു. വൻകിട കമ്പനികൾ വിപണി കൈയടക്കുന്നത് തടയാനും സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാക്കാനും സർക്കാർ ശക്തമായി ഇടപെടണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Big companies trying to shut down small businesses; The 'secret game' of Canada's grocery giants is out!



