ലോകമെമ്പാടും വലിയ ശ്രദ്ധനേടിയ ‘കാന്താര’ചിത്രത്തിലെ ദൈവക്കോലത്തിൻ്റെ സിഗ്നേച്ചർ ആയ അലർച്ച പ്രേക്ഷകരുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത ഒന്നാണ്. സിനിമ കണ്ടിറങ്ങിയ ശേഷവും മനസ്സിൽ തങ്ങിനിൽക്കുന്ന ഈ ശബ്ദത്തിന് പിന്നിൽ പ്രവർത്തിച്ചത് ഒരു മലയാളിയാണ്. പ്രശസ്ത സംഗീതജ്ഞൻ എം.ജി. രാധാകൃഷ്ണൻ്റെ മകനും ദേശീയ-സംസ്ഥാന പുരസ്‌കാര ജേതാവുമായ സൗണ്ട് ഡിസൈനർ എം.ആർ. രാജകൃഷ്ണനാണ് സിനിമയിലെ ഈ ‘ദൈവിക അലർച്ച’ രൂപകൽപ്പന ചെയ്തത്. ഈ ശബ്ദം ഏതെങ്കിലും ഒരു മനുഷ്യൻ്റെയോ മൃഗത്തിൻ്റെയോ അല്ല എന്നതാണ് ഇതിലെ ഏറ്റവും കൗതുകകരമായ വസ്തുത. ഭക്തി, ഭയം, ദൈവീകത, ആദിമ സങ്കൽപ്പങ്ങൾ, വന്യമായ ചിന്തകൾ എന്നിവയെല്ലാം ഒറ്റ ശബ്ദത്തിൽ സമ്മേളിപ്പിക്കുക എന്നതായിരുന്നു ഇതിലെ ഏറ്റവും വലിയ വെല്ലുവിളി.
പഞ്ചുരുളിയെ ഭക്തൻ്റെ ശരീരത്തിൽ ആവേശിക്കുമ്പോഴുള്ള ഈ അലർച്ച ഒരു ഒറ്റ ശബ്ദമല്ല, മറിച്ച് പല ലെയറുകളിലായി മിക്‌സ് ചെയ്ത വിവിധ ശബ്ദങ്ങളുടെ സങ്കലനമാണ്. വളരെ താഴ്ന്ന ഫ്രീക്വൻസിയിലുള്ള, അടിവയറ്റിൽ പോലും അനുഭവപ്പെടുന്ന ഒരു മുരൾച്ച പോലെയുള്ള ശബ്ദം ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ, കാറ്റിൻ്റെ വികലമായ രൂപങ്ങളും, കാള, കടുവ തുടങ്ങിയ ചില മൃഗങ്ങളുടെ വ്യത്യസ്ത ഫ്രീക്വൻസികളിലെ ശബ്ദങ്ങളും ചേർത്തിണക്കി. സിനിമയുടെ പ്രധാന പശ്ചാത്തലം കാടായതിനാൽ, കാട്ടിലെ ചില ശബ്ദങ്ങൾ എടുത്ത് അതിൻ്റെ മാറ്റൊലികളും റിവേർബുകളും സമന്വയിപ്പിച്ചാണ് ഈ അമാനുഷികമായ അനുഭവം സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ഇതൊരു ഭൂമിയിലില്ലാത്ത ശബ്ദമാണ് രൂപപ്പെടുത്തിയെടുത്തതെന്നും, അതിൽ ദൈവീകമായ ഒരനുഭവമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
കാന്താരയുടെ ആദ്യഭാഗത്തിലെ ക്ലൈമാക്‌സ് രംഗത്ത് ഋഷഭ് ഷെട്ടി ഈ ശബ്ദം ഉണ്ടാക്കുന്നുണ്ട്. എന്നാൽ അത് അദ്ദേഹം തന്നെ ഡബ്ബ് ചെയ്തതാണെന്ന് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ചിത്രം സൂപ്പർ ഹിറ്റായതോടെ സോഷ്യൽ മീഡിയയിൽ പലരും ഈ ശബ്ദം അനുകരിക്കാൻ തുടങ്ങിയപ്പോൾ, ഋഷഭ് ഷെട്ടി ഔദ്യോഗികമായി ഒരു കുറിപ്പ് ഇറക്കിയിരുന്നു. ചിലർക്കെങ്കിലും ഇതൊരു ദൈവികമായ ശബ്ദമാണെന്നും അതിനെ വികലമായി അനുകരിക്കരുതെന്നും അദ്ദേഹം അതിൽ ആവശ്യപ്പെട്ടു. ദൈവത്തിൽ വിശ്വസിക്കുന്നവരായാലും ഇല്ലെങ്കിലും, അടുത്ത തവണ ‘കാന്താര’ കാണുമ്പോൾ, ഈ അലർച്ച കേൾക്കുമ്പോൾ, രാജകൃഷ്ണൻ്റെ കഠിനാധ്വാനത്തിലൂടെ പിറവിയെടുത്ത ഭൂമിയിൽ ഇല്ലാത്ത ഒരു ശബ്ദമാണ് നിങ്ങൾ കേൾക്കുന്നതെന്ന് ഉറപ്പിക്കാം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
The roar in 'Kantara' is a wave! This is the reality behind that sound






