ഒട്ടാവ: പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാരിന്റെ ആദ്യ ഫെഡറൽ ബജറ്റ് നവംബർ നാലിന് പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ധനകാര്യ മന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്ൻ അറിയിച്ചു. ചൊവ്വാഴ്ച പാർലമെന്റിൽ നടന്ന ചോദ്യോത്തര വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം ആദ്യം പല മന്ത്രിമാരും ഇത് സംബന്ധിച്ച് സൂചന നൽകിയിരുന്നു. എന്നാൽ നിലവിൽ ഇത് നവംബറിലേക്ക് മാറ്റിയത് ശ്രദ്ധേയമാണ്.
ഒക്ടോബറിൽ ബജറ്റ് അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ സർക്കാരിന്റെ നിലപാട്. സർക്കാർ സഭാ നേതാവായ സ്റ്റീവൻ മക്കിനോൺ തിങ്കളാഴ്ച രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലും ഇത് ആവർത്തിച്ചിരുന്നു. ധനകാര്യ മന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്ൻ ഒക്ടോബറിൽ ബജറ്റ് അവതരിപ്പിക്കുമെന്നും, ബജറ്റിന്റെ പ്രാധാന്യം പ്രധാനമന്ത്രിയും മന്ത്രിയും ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിലപാടിൽ നിന്നും സർക്കാർ പിന്നീട് പിന്മാറി, ബജറ്റ് നവംബർ നാലിലേക്ക് മാറ്റുകയായിരുന്നു.
സാധാരണയായി, കാനഡയിലെ ഫെഡറൽ ബജറ്റുകൾ വസന്തകാലത്തിന്റെ തുടക്കത്തിലാണ് അവതരിപ്പിക്കാറ്. എന്നാൽ ഏപ്രിലിലെ തിരഞ്ഞെടുപ്പിന് ശേഷം പാർലമെന്റ് ഏതാനും ആഴ്ചകൾ മാത്രമാണ് സമ്മേളിച്ചത്. ഈ സാഹചര്യത്തിലാണ് ബജറ്റ് ശരത്കാലത്തേക്ക് മാറ്റിയത്. മാർക്ക് കാർണിയുടെ ആദ്യ ബജറ്റ് വലിയ സാമ്പത്തിക കമ്മിക്ക് വഴിവെച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അടുത്തിടെയുള്ള സർക്കാർ ചെലവുകൾ ഈ സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ഈ ബജറ്റ് എങ്ങനെയായിരിക്കും രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെ മുന്നോട്ട് നയിക്കുകയെന്ന് ആകാംഷയോടെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകരും പൊതുജനങ്ങളും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82






