മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മമ്മൂട്ടി ചിത്രം ‘അമരം’ റീ റിലീസിന് ഒരുങ്ങുന്നു. പ്രശസ്ത സംവിധായകൻ ഭരതൻ സംവിധാനം ചെയ്ത്, ലോഹിതദാസിന്റെ തിരക്കഥയിൽ 1991-ൽ പുറത്തിറങ്ങിയ ഈ ചിത്രം 34 വർഷങ്ങൾക്കിപ്പുറമാണ് വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള സൈബർ സിസ്റ്റംസ് ഓസ്‌ട്രേലിയ എന്ന ചലച്ചിത്ര വിതരണ കമ്പനിയാണ് ഈ വിവരം സ്ഥിരീകരിച്ചത്. മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതപശ്ചാത്തലത്തിൽ ഒരുക്കിയ ഈ ഇമോഷണൽ ഡ്രാമ, 4K ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യയുടെ മികവിലാണ് പുനഃപ്രദർശനത്തിനെത്തുക.
റിലീസ് ചെയ്ത സമയത്ത് ചിത്രം തിയേറ്ററുകളിൽ വലിയ വിജയമായിരുന്നു. കേരളത്തിലെ തിയേറ്ററുകളിൽ 200 ദിവസത്തോളവും മദ്രാസിൽ 50 ദിവസത്തോളവും ‘അമരം’ പ്രദർശിപ്പിച്ചു. ഈ സിനിമയിലെ പ്രകടനത്തിന് കെ.പി.എ.സി. ലളിതയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചു. കൂടാതെ മുരളിക്ക് സംസ്ഥാന പുരസ്‌കാരവും മധു അമ്പാട്ടിന് മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. ജോൺസൺ മാസ്റ്ററുടെ സംഗീതവും രവീന്ദ്രന്റെ ഈണങ്ങളും സിനിമയെ കൂടുതൽ ജനപ്രിയമാക്കി.
എങ്കിലും, റീ റിലീസ് പ്രഖ്യാപനം മമ്മൂട്ടി ആരാധകരുടെ ഇടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. ‘രാജമാണിക്യം’, ‘മായാവി’, ‘ബിഗ് ബി’ തുടങ്ങിയ ചിത്രങ്ങൾ റീ റിലീസ് ചെയ്യുന്നതാണ് കൂടുതൽ കളക്ഷൻ നേടാൻ ഉചിതമെന്ന് പലരും അഭിപ്രായപ്പെടുന്നു. ‘അമരം’ നല്ല സിനിമയാണെങ്കിലും റീ റിലീസിൽ ആളുകൾ കൂട്ടമായി എത്തുമോ എന്ന ആശങ്ക ചിലർ പങ്കുവെക്കുന്നുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്ന് എന്ന് വാഴ്ത്തപ്പെടുന്ന ‘അമരം’ വീണ്ടും കാണാൻ പ്രേക്ഷകർ എത്തുമോ എന്നത് റീ റിലീസ് തീയതി പ്രഖ്യാപിച്ച ശേഷം അറിയാം.






