ന്യൂയോർക്ക്: ടെസ്ല വാഹനങ്ങളിലെ ഫുൾ സെൽഫ് ഡ്രൈവിംഗ് (FSD) സോഫ്റ്റ്വെയർ ഇനി മുതൽ മാസവരി സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിൽ മാത്രമേ ലഭ്യമാകൂ എന്ന് അറിയിച്ച് കമ്പനി സി.ഇ.ഒ ഇലോൺ മസ്ക്. വരാനിരിക്കുന്ന ഫെബ്രുവരി 14 മുതൽ ഈ പുതിയ മാറ്റം പ്രാബല്യത്തിൽ വരും. നിലവിൽ സോഫ്റ്റ്വെയർ പൂർണ്ണമായി സ്വന്തമാക്കാൻ നൽകേണ്ടിയിരുന്ന രീതി ഒഴിവാക്കി പൂർണ്ണമായും സബ്സ്ക്രിപ്ഷൻ മോഡലിലേക്ക് മാറാനാണ് കമ്പനിയുടെ തീരുമാനം.
നിലവിൽ അമേരിക്കയിലുള്ള ടെസ്ല കാർ ഉടമകൾക്ക് രണ്ട് രീതിയിൽ ഈ സോഫ്റ്റ്വെയർ ഉപയോഗിക്കാം. ഒന്നുകിൽ ഏകദേശം 8,000 ഡോളർ ഒറ്റയടിക്ക് നൽകി ഇത് സ്വന്തമാക്കാം, അല്ലെങ്കിൽ മാസം തോറും 99 ഡോളർ വാടക ഇനത്തിൽ നൽകി ഉപയോഗിക്കാം. എന്നാൽ പുതിയ പരിഷ്കാരം വരുന്നതോടെ ഒറ്റയടിക്ക് പണമടച്ച് വാങ്ങുന്ന രീതി അവസാനിക്കും. പകരം, കേബിൾ ടിവി ചാനലുകൾക്കോ ഒടിടി പ്ലാറ്റ്ഫോമുകൾക്കോ പണമടയ്ക്കുന്നത് പോലെ മാസം തോറും നിശ്ചിത തുക നൽകിയാൽ മാത്രമേ ഈ സേവനം ഇനി ലഭ്യമാകൂ.
വാഹനത്തിന്റെ വേഗത നിയന്ത്രിക്കാനും ലെയിനുകൾ മാറാനും ട്രാഫിക് സിഗ്നലുകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനും സഹായിക്കുന്ന ഡ്രൈവർ അസിസ്റ്റൻസ് സംവിധാനമാണ് എഫ്.എസ്.ഡി. നഗരവീഥികളിലടക്കം വാഹനം സുഗമമായി ഓടിക്കാൻ ഇത് സഹായിക്കുമെങ്കിലും ഡ്രൈവറുടെ പൂർണ്ണമായ ശ്രദ്ധയും മേൽനോട്ടവും ആവശ്യമാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് സോഫ്റ്റ്വെയറിന്റെ പേരിനൊപ്പം ‘സൂപ്പർവൈസ്ഡ്’ (Supervised) എന്ന പദം കൂടി ടെസ്ല ചേർത്തത്.
അതേസമയം, ടെസ്ലയുടെ ഓട്ടോപൈലറ്റ് സംവിധാനവുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾ കർശനമാക്കാൻ യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (NHTSA) തീരുമാനിച്ചിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങളും അപകടങ്ങളും സംബന്ധിച്ച റിപ്പോർട്ടുകളെത്തുടർന്ന് ഏകദേശം 28.8 ലക്ഷം വാഹനങ്ങളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് സോഫ്റ്റ്വെയർ വിതരണ രീതിയിൽ മാറ്റം വരുത്താനുള്ള കമ്പനിയുടെ നീക്കം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Tesla announces new update to FSD software, now available on a monthly basis



