മോൺട്രിയൽ: മോൺട്രിയൽ ട്രൂഡോ വിമാനത്താവളത്തിൽ വർദ്ധിച്ചുവരുന്ന അനധികൃത ടാക്സി സർവീസുകൾക്കും റൈഡ്-ഷെയറിംഗ് തട്ടിപ്പുകൾക്കുമെതിരെ നടപടികൾ കടുപ്പിച്ച് വിമാനത്താവള അധികൃതർ. ഉബർ (Uber) പിക്കപ്പ് മേഖലകളിൽ അനധികൃത ഡ്രൈവർമാർ കടന്നുകൂടി യാത്രക്കാരെ കബളിപ്പിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് പട്രോളിംഗും സുരക്ഷാ പരിശോധനകളും ശക്തമാക്കിയത്.
വിമാനത്താവളത്തിനുള്ളിൽ വെച്ച് യാത്രക്കാരെ നേരിട്ട് സമീപിച്ച് വാഗ്ദാനങ്ങൾ നൽകുന്ന ഡ്രൈവർമാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എയ്റോപോർട്ട്സ് ഡി മോൺട്രിയൽ (ADM) വക്താവ് ആൻ-സോഫി ഹാമൽ അറിയിച്ചു. അംഗീകൃത ടാക്സി ഡ്രൈവർമാരോ റൈഡ്-ഷെയറിംഗ് ഡ്രൈവർമാരോ ഒരിക്കലും ടെർമിനലിനുള്ളിൽ പ്രവേശിച്ച് യാത്രക്കാരെ വിളിക്കില്ലെന്നും, ഇത്തരം ആളുകൾ തട്ടിപ്പുകാരാണെന്ന് ഉറപ്പിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം മാത്രം അനധികൃത ടാക്സികളെക്കുറിച്ച് 2,922 പരാതികളാണ് വിമാനത്താവള പട്രോൾ ടീമിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 504 പേർക്കെതിരെ നടപടിയെടുക്കുകയും 157 വാഹന പരിശോധനകൾ നടത്തുകയും ചെയ്തു. നിലവിൽ 2024-നെ അപേക്ഷിച്ച് പരാതികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും, ഗൗരവകരമായ തട്ടിപ്പുകൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സുരക്ഷ ഉറപ്പാക്കുന്നതിനായി കഴിഞ്ഞ ജൂൺ മുതൽ ഉബർ യാത്രക്കാർക്കായി ആറക്ക പിൻ (PIN) നമ്പർ സംവിധാനവും വിമാനത്താവളം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ ആപ്പിലൂടെ ലഭിക്കുന്ന പിൻ നമ്പർ ഡ്രൈവർക്ക് നൽകി ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ യാത്ര തുടങ്ങാവൂ. എന്നാൽ, ആപ്പിൽ സാങ്കേതിക പ്രശ്നമുണ്ടെന്ന് വിശ്വസിപ്പിച്ച് പിൻ നമ്പർ ഇല്ലാതെ യാത്രക്കാരെ വാഹനത്തിൽ കയറ്റി വൻ തുക ഈടാക്കുന്ന രീതിയും നിലവിലുണ്ട്. തട്ടിപ്പിനിരയായ ചില യാത്രക്കാർക്ക് പണം തിരികെ ലഭിക്കാൻ ആഴ്ചകളോളം നിയമപോരാട്ടം നടത്തേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാനത്താവളത്തിലെ വിവിധയിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ ‘Bonjour’ ബ്രാൻഡിംഗുള്ള അംഗീകൃത വിമാനത്താവള ടാക്സികൾ മാത്രം ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. പ്രവിശ്യാ പോലീസുമായി സഹകരിച്ച് വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ വിപുലമാക്കാനാണ് വിമാനത്താവള മാനേജ്‌മെന്റിന്റെ തീരുമാനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Taxi fraud is widespread at Montreal airport; authorities take strict action



