ബോളിവുഡ് നടി സണ്ണി ലിയോൺ തന്റെ മാതൃത്വത്തിലേക്കുള്ള യാത്രയിലെ വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. നടി സോഹ അലി ഖാന്റെ പോഡ്‌കാസ്റ്റായ ‘ഓൾ എബൗട്ട് ഹെർ’-ലാണ് താരം ഗർഭധാരണവുമായി ബന്ധപ്പെട്ട തന്റെ പോരാട്ടങ്ങളെക്കുറിച്ചും, ഒടുവിൽ മകൾ നിഷയെ ദത്തെടുക്കാൻ തിരഞ്ഞെടുത്തതിൻ്റെ കാരണങ്ങളെക്കുറിച്ചും വികാരഭരിതമായി സംസാരിച്ചത്. മൂന്ന് കുട്ടികളുടെ അമ്മയായ സണ്ണി, ഗർഭധാരണത്തിന് ശ്രമിക്കുന്നതിനിടെയുണ്ടായ ദുരനുഭവങ്ങളാണ് പങ്കുവെച്ചത്.
തുടക്കത്തിൽ നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും അടക്കം ആറ് കുഞ്ഞുങ്ങളെ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും, എന്നാൽ ഒരാഴ്ചക്കുള്ളിൽ അതിൽ നാല് പേർ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞതായും സണ്ണി ലിയോൺ വെളിപ്പെടുത്തി. ഒരു ദിവസം ഡോക്ടർ വിളിച്ച് ഗർഭിണിയാണെന്ന് അറിയിച്ചു, എങ്കിലും ഗർഭസഞ്ചി ശൂന്യമാണെന്നും (blighted ovum), അതുകൊണ്ട് കുഞ്ഞിന് വളരാൻ സാധിക്കില്ലെന്നും അറിയിച്ചു.
ആ വാർത്ത കേട്ടപ്പോൾ താനും ഭർത്താവ് ഡാനിയൽ വെബറും വളരെയധികം തകർന്നുപോയെന്നും സണ്ണി പറയുന്നു. ഈ സമയത്ത് തങ്ങൾ അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ചും താരം ഓർത്തെടുത്തു. “ഞങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തോ? ദൈവത്തിന് ഞങ്ങളെ ഇഷ്ടമില്ലേ?” എന്നായിരുന്നു ആ സമയത്ത് തങ്ങൾ പരസ്പരം ചോദിച്ചതെന്ന് സണ്ണി ലിയോൺ പറഞ്ഞു. നാല് പെൺകുട്ടികളെ നഷ്ടമായ ആ വേദനയിൽ നിന്നാണ് ദത്തെടുക്കൽ എന്ന ആശയത്തിലേക്ക് തങ്ങൾ തിരിഞ്ഞതെന്നും, ആ നഷ്ടമാണ് നിഷയെ തങ്ങളുടെ ജീവിതത്തിലേക്ക് എത്തിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
നിഷയെ ദത്തെടുത്തതിനെക്കുറിച്ച് സംസാരിക്കുമ്പോൾ സണ്ണി ലിയോൺ വികാരാധീനയായി. “ഞങ്ങൾ നിഷയോട് പറയാറുണ്ട്, നീയാണ് ഞങ്ങളെ തിരഞ്ഞെടുത്തത്, ഞങ്ങളെ മാതാപിതാക്കളായി നീയാണ് തിരഞ്ഞെടുത്തത്, ഞങ്ങൾ നിന്നെ തിരഞ്ഞെടുക്കുകയായിരുന്നില്ല,” എന്നാണ് മകളോട് പറയുന്നതെന്നും സണ്ണി ലിയോൺ വെളിപ്പെടുത്തി. നിഷയ്ക്ക് പുറമെ നോഹ, ആഷർ എന്നീ ഇരട്ട ആൺമക്കളും സണ്ണി ലിയോണിനും ഡാനിയൽ വെബറിനുമുണ്ട്. വാടക ഗർഭധാരണത്തിലൂടെയാണ് ഇരട്ടക്കുട്ടികൾ ജനിച്ചത്. മാതൃത്വത്തിനായി താൻ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചുള്ള സണ്ണിയുടെ തുറന്നു പറച്ചിൽ നിരവധി പേർക്ക് പ്രചോദനമാവുകയാണ്.
sunny-leone-lost-four-children-emotional-pain-god-question
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



