പെഷാവർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യയിൽ തീവ്രവാദവിരുദ്ധ റാലിക്കുനേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും 24-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ഒമ്പത് സാധാരണക്കാരും അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു.
ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യയിലെ സ്വാത് കബാൽ പട്ടണത്തിൽ പൊലീസ് സ്റ്റേഷനു സമീപം സംഘടിപ്പിച്ച റാലിക്കിടെയാണ് ആക്രമണം നടന്നത്. തീവ്രവാദ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയും സമാധാനം ആവശ്യപ്പെട്ടും പ്രതിഷേധക്കാർ ഒത്തുകൂടിയ ഇടത്ത് ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലീസ് മേധാവി ഒമർ ഖാൻ അറിയിച്ചു.
വർഷങ്ങളായി പ്രദേശത്തെ അക്രമങ്ങൾ അവസാനിപ്പിച്ച് ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും തീവ്രവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നുമാണ് റാലിയിൽ സംസാരിച്ചവർ ആരോപിച്ചിരുന്നത്.
ആക്രമണത്തെ പ്രസിഡന്റ് ആസിഫ് അലി സർദാരി, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്വി എന്നിവർ അപലപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച നേതാക്കൾ, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അറിയിച്ചു.
2007-ൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വൻ സൈനിക നടപടിക്കുശേഷം തീവ്രവാദികളുടെ സ്വാധീനത്തിൽ നിന്ന് മോചിതമായ സ്വാത് താഴ്വരയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി വീണ്ടും തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമായിട്ടുണ്ട്. ഇതിനെതിരെ പ്രദേശവാസികൾ നിരന്തരം തീവ്രവാദവിരുദ്ധ റാലികൾ സംഘടിപ്പിച്ചുവരികയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാൽ സംശയം തെഹ്‌രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ (TTP) എന്ന സംഘടനയിലേക്കാണ് നീളുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാനിൽ നിന്ന് വ്യത്യസ്തമായ സംഘടനയാണെങ്കിലും ഇരുകൂട്ടരും സഖ്യകക്ഷികളാണ്. ടി.ടി.പി. അഫ്ഗാനിസ്ഥാനിലെ താലിബാനിൽ നിന്ന് വേറിട്ട സംഘടനയാണെങ്കിലും ആശയപരമായും പ്രവർത്തനപരമായും അടുത്ത ബന്ധമുണ്ടെന്നാണ് സുരക്ഷാ വിദഗ്ധർ വിലയിരുത്തുന്നത്.
Suicide bombing during peace rally; 14 killed in Pakistan.





