വെയിൽസിൽ നടത്തിയ പഠനത്തിൽ ഷിംഗിൽസ് വാക്സിനേഷൻ നടത്തിയവരിൽ അടുത്ത ഏഴ് വർഷത്തിനുള്ളിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത ഗണ്യമായി കുറയുന്നതായി കണ്ടെത്തി. 2.8 ലക്ഷം മുതിർന്നവരുടെ ആരോഗ്യ രേഖകൾ വിശകലനം ചെയ്ത് നടത്തിയ ഈ പഠനം, പ്രായമായവരുടെ ആരോഗ്യസംരക്ഷണത്തിൽ ഷിംഗിൽസ് വാക്സിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
2013-ൽ വെയിൽസിൽ നടപ്പിലാക്കിയ വാക്സിനേഷൻ പദ്ധതിയിൽ 79 വയസ്സ് വരെയുള്ളവർക്ക് വാക്സിൻ ലഭ്യമാക്കുകയും 80 വയസ്സിന് മുകളിലുള്ളവരെ വാക്സിനേഷനിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ വ്യത്യാസം ഉപയോഗിച്ച് നടത്തിയ താരതമ്യ പഠനത്തിലാണ് വാക്സിനേറ്റ് ചെയ്തവരിൽ ഡിമെൻഷ്യയുടെ സാധ്യത 20% കുറഞ്ഞതായി കണ്ടെത്തിയത്. പ്രത്യേകിച്ച് സ്ത്രീകളിൽ ഈ പ്രവണത കൂടുതൽ വ്യക്തമായിരുന്നു.
ഗവേഷകരുടെ അഭിപ്രായത്തിൽ വാക്സിൻ രണ്ട് തരത്തിൽ പ്രവർത്തിക്കുന്നു – വാക്സിൻ മൂലമുണ്ടാകുന്ന പ്രതിരോധ പ്രതികരണവും, ഷിംഗിൽസ് വൈറസ് വീണ്ടും സജീവമാകുന്നത് തടയുന്നതും. “വാക്സിൻ ഡിമെൻഷ്യ തടയാൻ സഹായിക്കുന്നുവെങ്കിൽ, അത് ആരോഗ്യ രംഗത്തും ഡിമെൻഷ്യയുടെ കാരണങ്ങൾ മനസിലാക്കുന്നതിനും വലിയ മുന്നേറ്റമായിരിക്കും,” എന്ന് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ പാസ്കൽ ഗെൽഡ്സെറ്റർ അഭിപ്രായപ്പെട്ടു.
പഠനത്തിൽ പരിശോധിച്ചത് പഴയ ഷിംഗിൽസ് വാക്സിനായ സോസ്റ്റാവാക്സ് ആണെങ്കിലും, അമേരിക്കയിൽ നടത്തിയ മറ്റൊരു പഠനം പുതിയ ഷിംഗ്രിക്സ് വാക്സിൻ കൂടുതൽ ഫലപ്രദമാണെന്ന് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കാൻ കൂടുതൽ വിപുലമായ പഠനങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.



