ഒട്ടാവ: കാനഡക്കാർ പ്രാദേശിക വിപണിയിലെ ഉത്പന്നങ്ങൾ കൂടുതൽ തിരഞ്ഞെടുക്കുന്നതായി റിപ്പോർട്ട്. ഭക്ഷ്യവില ഉയരുന്ന സാഹചര്യത്തിലാണ് കാനഡയിലെ വിപണിയിലെ ഈ മാറ്റം. ഏതാണ്ട് 3,000 കനേഡിയൻമാരെ സർവേ ചെയ്താണ് ഡൽഹൗസി യൂണിവേഴ്സിറ്റിയുടെ അഗ്രി-ഫുഡ് അനലിറ്റിക്സ് ലാബ് ഈ ‘കനേഡിയൻ ഫുഡ് സെന്റിമെന്റ് ഇൻഡക്സ്’ റിപ്പോർട്ട് പുറത്തിറക്കിയത്. ഭക്ഷ്യവിതരണത്തിലും നയത്തിലുമുള്ള പ്രൊഫസറും ലാബിന്റെ ശാസ്ത്രീയ ഡയറക്ടറുമായ സിൽവെയ്ൻ ഷാർലെബോയിസ് പറയുന്നതനുസരിച്ച്, സാമ്പത്തിക അനിശ്ചിതത്വം നേരിടാൻ ഉപഭോക്താക്കൾ തങ്ങളുടെ വാങ്ങൽ ശീലങ്ങളെ മുൻപത്തേക്കാൾ തന്ത്രപരമായി മാറ്റുകയാണെണ്.
ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവിനെക്കുറിച്ചുള്ള ആശങ്ക കനേഡിയൻമാർക്കിടയിൽ അതിരൂക്ഷമായി തുടരുകയാണ്. 80.6 ശതമാനം പ്രതികരിച്ചവരും കഴിഞ്ഞ ഒരു വർഷത്തിനിടെ തങ്ങളുടെ ഭക്ഷണച്ചെലവ് വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഭക്ഷ്യ അരക്ഷിതാവസ്ഥ റെക്കോർഡ് ഉയരത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ, സർവേയിൽ പങ്കെടുത്ത നാലിലൊന്നിൽ അധികം ആളുകൾക്ക് (25.5 ശതമാനം) ഭക്ഷണം വാങ്ങാൻ ബുദ്ധിമുട്ടുണ്ടെന്ന് സമ്മതിച്ചു. ഭക്ഷ്യവിലക്കയറ്റം കാരണം 48.6 ശതമാനം പേർ വിൽപനകളും കിഴിവുകളും തേടുന്നതായി പറയുന്നു. ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ ഉപഭോക്താക്കളെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകം താങ്ങാനാവുന്ന വിലയാണ് (43.2 ശതമാനം). പോഷകാഹാരം (28.8 ശതമാനം), രുചി (15.3 ശതമാനം) എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ. ശരാശരി വീട്ടുചെലവ് ആറുമാസം മുൻപുള്ള $497-ൽ നിന്ന് പ്രതിമാസം $515 ആയി വർദ്ധിച്ചു. ഈ വർദ്ധനവിന്റെ ഭൂരിഭാഗവും പലചരക്ക് കടകളിൽ നിന്നുള്ളതാണ്.
റിപ്പോർട്ട് അനുസരിച്ച്, പ്രാദേശിക ഭക്ഷ്യോൽപ്പന്നങ്ങൾക്ക് മുൻഗണന നൽകുന്ന കനേഡിയൻമാരുടെ എണ്ണം വർദ്ധിച്ചുവരുന്നു. 51.9 ശതമാനം പ്രതികരിച്ചവരും മറ്റ് ഓപ്ഷനുകളേക്കാൾ ‘എപ്പോഴും’ അല്ലെങ്കിൽ ‘പലപ്പോഴും’ പ്രാദേശിക ഭക്ഷണം തിരഞ്ഞെടുക്കുന്നതായി പറഞ്ഞു. ഒരു വർഷം മുൻപ് ഇത് 33.5 ശതമാനം മാത്രമായിരുന്നു. 55.8 ശതമാനം പേർ തങ്ങളുടെ ഭക്ഷണം എവിടെയാണ് ഉൽപ്പാദിപ്പിച്ചതെന്നോ ഉത്ഭവിച്ചതെന്നോ ‘പലപ്പോഴും’ അല്ലെങ്കിൽ ‘എപ്പോഴും’ പരിശോധിക്കാറുണ്ടെന്നും പറഞ്ഞു. പ്രധാന പലചരക്ക് വ്യാപാരികളോടുള്ള ഉപഭോക്താക്കളുടെ വിശ്വാസം ഏറ്റവും കുറവാണ് (അഞ്ചിൽ 2.99). അതേസമയം, കനേഡിയൻ കർഷകരാണ് വിശ്വാസത്തിന്റെ കാര്യത്തിൽ മുന്നിൽ (3.63). ഈ റിപ്പോർട്ട് തയാറാക്കിയത് ഒക്ടോബർ 9-ന് കാനഡയിലുടനീളമുള്ള 2,977 ആളുകളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Struggling with rising prices; Canadians rely more on local products; new study



