ഒന്റാറിയോ: ദക്ഷിണ ഒന്റാറിയോയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ കാലാവസ്ഥാ പ്രസ്താവനയിലൂടെ അറിയിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് കിഴക്കൻ ദിശയിൽ നിന്ന് ആരംഭിച്ച കാറ്റ് വൈകുന്നേരത്തോടെ തെക്കൻ ദിശയിലേക്ക് മാറുമെന്നും മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ വീശുമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ വരെ ഈ സാഹചര്യം തുടരുമെന്നാണ് വിലയിരുത്തൽ.
തിങ്കളാഴ്ച കാറ്റിന്റെ വേഗത വർധിക്കുമെന്നും ദിശ തെക്കുപടിഞ്ഞാറൻ മേഖലയിലേക്ക് മാറുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയോടെ കാറ്റ് പടിഞ്ഞാറൻ ദിശയിലേക്ക് തിരിയും. ഈ സമയങ്ങളിൽ മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. തിങ്കളാഴ്ച രാവിലെ മേഖലയിലൂടെ കടന്നുപോകുന്ന ശീതക്കാറ്റിന്റെ സ്വാധീനഫലമായി കാറ്റ് അതിശക്തമാകുമെന്നും പ്രസ്താവനയിൽ പറയുന്നു.
ശക്തമായ കാറ്റിൽ മരച്ചില്ലകൾ ഒടിഞ്ഞുവീഴാനും വീടിന് പുറത്തുള്ള വസ്തുക്കൾ തെറിച്ചുപോകാനും സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. പ്രാദേശികമായി വൈദ്യുതി ബന്ധം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ചൊവ്വാഴ്ച രാവിലെയോടെ കാറ്റിന്റെ വേഗത ക്രമേണ കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Strong winds possible in southern Ontario; Environment Canada issues warning



