സെന്റ് ജോൺസ് : ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലബ്രഡോറിൽ അതിശക്തമായ കൊടുങ്കാറ്റ് ഭീഷണി. ‘വെതർ ബോംബ്’ എന്ന് വിളിക്കുന്ന അതിതീവ്ര ന്യൂനമർദം ഇന്ന് (ചൊവ്വാഴ്ച) ഈ മേഖലയിൽ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. എൻവയോൺമെന്റ് കാനഡ, അവലോൺ, ബുറിൻ അടക്കമുള്ള പ്രധാന ഉപദ്വീപുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് ശക്തമായ കൊടുങ്കാറ്റായി മാറുന്ന പ്രതിഭാസമാണ് ‘വെതർ ബോംബ്’. ഇതിന്റെ സ്വാധീനം ബുധനാഴ്ച രാത്രി വരെ തുടർന്നേക്കാം.
ഈ കൊടുങ്കാറ്റിന്റെ വരവോടെ മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. ന്യൂഫൗണ്ട്ലാൻഡിന്റെ മധ്യ-തെക്കൻ തീരങ്ങളിൽ ചൊവ്വാഴ്ച രാവിലെ മുതൽ കനത്ത മഴ ലഭിക്കും. ചില പ്രദേശങ്ങളിൽ 70 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് കണക്കുകൂട്ടൽ. തീരദേശത്ത് 6 മുതൽ 9 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കാനും, വേലിയേറ്റ സമയത്ത് വെള്ളം കരയിലേക്ക് കയറി തീരദേശ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
കിഴക്കൻ മേഖലകളോടൊപ്പം തീരദേശ ലബ്രഡോറിലും ചൊവ്വ രാത്രി മുതൽ വെള്ളിയാഴ്ച വരെ കാലാവസ്ഥ മോശമായി തുടരും. ഇവിടെ 24 മണിക്കൂറിനുള്ളിൽ 50 mm മഴയും ഉൾപ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നു. പ്രധാന യാത്രാ സർവീസ് ദാതാക്കളായ മറൈൻ അറ്റ്‌ലാന്റിക്, ചൊവ്വാഴ്ചത്തെയും ബുധനാഴ്ച രാവിലത്തെയും കപ്പൽ യാത്രകൾ റദ്ദാക്കിയതായി അറിയിച്ചിട്ടുണ്ട്.
ഈ കൊടുങ്കാറ്റ് ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച രാവിലെയോ ശക്തി കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാനും അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് മാറിനിൽക്കാനും നിർദ്ദേശമുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പ്രദേശവാസികളോട് അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
'Storm threat' in Newfoundland: Strong winds and rain; Caution issued






