ഫ്രെഡറിക്ടൺ: സെന്റ് സ്റ്റീഫൻ നഗരത്തിൽ അടുത്തിടെയുണ്ടായ ഓവർഡോസ് ലഹരി ഉപയോഗ സംഭവങ്ങളെ തുടർന്ന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പ്രവിശ്യ സർക്കാർ ഉറപ്പുനൽകിയതായി മേയർ സ്റ്റീവൻ ബാക്ക്മാൻ വ്യക്തമാക്കി. വിഷയത്തിൽ പരിഹാരം കാണുന്നതിനായി വിവിധ മന്ത്രിമാരുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും, മനുഷ്യത്വപരമായ സമീപനത്തോടെയുള്ള സമഗ്രമായ ഒരു പദ്ധതി ഉടൻ രൂപീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച സെന്റ് സ്റ്റീഫനിലെ ഒരു ഭവനരഹിതരുടെ ഷെൽട്ടറിൽ ഒമ്പത് പേർക്ക് ഒരേസമയം ലഹരി ഉപയോഗത്തെ തുടർന്ന് ഓവർഡോസ് ഉണ്ടായതോടെ നഗരത്തിലെ ആംബുലൻസ് സംവിധാനങ്ങൾ താറുമാറായിയിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രദേശവാസികൾ നേരിടുന്ന ദുരിതങ്ങൾ ചൂണ്ടിക്കാണിച്ചും ഷെൽട്ടർ മാറ്റണമെന്നാവശ്യപ്പെട്ടും പ്രാദേശിക എം.എൽ.എ കാത്തി ബോക്കസ് നിയമസഭയിൽ വിഷയം ഉന്നയിച്ചു. ഭവനരഹിതരുടെ പുനരവാസവും മാനസികാരോഗ്യവും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള ശാശ്വത പരിഹാരമാണ് ആവശ്യമെന്ന് മേയർ കൂട്ടിച്ചേർത്തു.
ലഹരിവസ്തുക്കളുടെ പരിശോധനയ്ക്കായി സാമ്പിളുകൾ ഇതിനോടകം അയച്ചിട്ടുണ്ടെന്നും, സമാനമായ സാഹചര്യം മുമ്പ് നേരിട്ട മോങ്ക്ടൺ മാതൃക പിന്തുടർന്ന് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുമെന്നും മാനസികാരോഗ്യ-ആസക്തി വകുപ്പ് മന്ത്രി റോബ് മിക്കി അറിയിച്ചു. സ്ഥിതിഗതികൾ ഗുരുതരമാണെന്നും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്നും സോഷ്യൽ ഡെവലപ്മെന്റ് മന്ത്രി സിണ്ടി മൈൽസ് വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




