ക്യുബെക്ക്: ക്യുബെക്ക് പ്രവിശ്യയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ തീരുമാനവുമായി ഫെഡറൽ ഗവൺമെന്റ്. ക്യുബെക്കിൽ സ്ഥിരതാമസത്തിനായി (PR) അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് തങ്ങളുടെ നിലവിലെ ജോലിയിൽ 12 മാസം കൂടി തുടരാൻ അനുവദിക്കുന്ന താൽക്കാലിക നടപടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്റർനാഷണൽ മൊബിലിറ്റി പ്രോഗ്രാമിന് (IMP) കീഴിൽ തൊഴിലുടമയെ അടിസ്ഥാനമാക്കിയുള്ള (Employer-specific) വർക്ക് പെർമിറ്റുകൾ വേഗത്തിൽ ലഭ്യമാക്കാൻ ഈ നീക്കം സഹായിക്കും. കാനഡയുടെ ദീർഘകാല സാമ്പത്തിക ആവശ്യങ്ങൾ മുൻനിർത്തിയും തൊഴിലാളികളുടെ പി.ആർ നടപടികൾ എളുപ്പമാക്കുന്നതിനും വേണ്ടിയാണ് മാർച്ച് 13-ന് ഇമിഗ്രേഷൻ മന്ത്രിക്കു വേണ്ടി ജോയൽ ലൈറ്റ്ബൗണ്ട് ഈ പ്രഖ്യാപനം നടത്തിയത്.
പ്രവിശ്യയുടെ പുതിയ ‘സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാം’ (PSTQ) വഴി പി.ആറിന് അപേക്ഷിക്കുകയും ക്യൂബെക്കിന്റെ സെലക്ഷൻ സർട്ടിഫിക്കറ്റിനായി (CSQ) അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശം ലഭിക്കുകയും ചെയ്തവർക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുണ്ടാവുക. കൂടാതെ, അപേക്ഷകരുടെ നിലവിലെ വർക്ക് പെർമിറ്റ് 2026 മാർച്ച് 13-നും ഡിസംബർ 31-നും ഇടയിൽ കാലാവധി തീരുന്നവയുമാകണം. അർഹരായ തൊഴിലാളികൾക്ക് ഐ.ആർ.സി.സി (IRCC) വെബ്‌സൈറ്റ് വഴി 2026 ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. നിലവിലെ പെർമിറ്റ് കാലാവധി തീരുന്നതിന് മുൻപ് തന്നെ അപേക്ഷ സമർപ്പിക്കാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്.
ക്യുബെക്കിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് നഴ്സുമാർക്കും മറ്റ് പ്രൊഫഷണലുകൾക്കും തങ്ങളുടെ തൊഴിൽ തടസ്സമില്ലാതെ തുടരാനും സ്ഥിരതാമസത്തിലേക്കുള്ള നടപടികൾ വേഗത്തിലാക്കാനും ഈ പുതിയ തീരുമാനം കരുത്തേകും. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വർക്ക് പെർമിറ്റ് പുതുക്കി നൽകുമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Some workers in Quebec are now eligible for a 12-month work permit extension



