മോൺട്രിയൽ: ഇറാനിൽ ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ ഇറാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മോൺട്രിയലിൽ നൂറുകണക്കിന് ആളുകൾ പ്രതിഷേധ പ്രകടനം നടത്തി. രണ്ടാഴ്ചയായി ഇറാനിൽ തുടരുന്ന പ്രക്ഷോഭത്തെ ഭരണകൂടം രക്തരൂക്ഷിതമായി അടിച്ചമർത്തുമെന്ന ആശങ്ക നിലനിൽക്കെയാണ് കാനഡയിലുടനീളം സമാനമായ പ്രതിഷേധങ്ങൾ അരങ്ങേറുന്നത്. മോൺട്രിയലിലെ സെന്റ് കാതറിൻ സ്ട്രീറ്റിലൂടെ മാർച്ച് ചെയ്ത പ്രതിഷേധക്കാർ നിലവിലെ ഇസ്ലാമിക ഭരണകൂടം മാറണമെന്നും മുൻ ഷാ ചക്രവർത്തിയുടെ മകൻ റെസ പഹ്ലവി അധികാരത്തിൽ തിരിച്ചെത്തണമെന്നും ആവശ്യപ്പെട്ടു.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്. ഇതോടെ ഇറാനിലുള്ളവരുമായി ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത പ്രവാസികൾ വ്യക്തമാക്കി. ഇറാനിൽ പ്രതിഷേധക്കാർക്ക് നേരെ ക്രൂരമായ പീഡനങ്ങളാണ് നടക്കുന്നതെന്നും തങ്ങൾ അവരുടെ ശബ്ദമായി ലോകത്തിന് മുന്നിലെത്തുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. ആറ്റ്വാട്ടർ മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച പ്രകടനം യുഎസ് കോൺസുലേറ്റിന് മുന്നിലാണ് സമാപിച്ചത്.
പ്രക്ഷോഭകാരികൾക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത് തങ്ങൾക്ക് വലിയ ആശ്വാസമാണെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ഇറാൻ ജനത സ്വാതന്ത്ര്യത്തിനായി കൊതിക്കുകയാണെന്നും അവരെ സഹായിക്കാൻ അമേരിക്ക സന്നദ്ധമാണെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധക്കാരെ വധിക്കാൻ ഭരണകൂടം തുനിഞ്ഞാൽ അമേരിക്കൻ ഇടപെടൽ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പിന്തുണയും ഭരണകൂടത്തിന്റെ അതിക്രമങ്ങളെ ഒരു പരിധിവരെ തടയാൻ സഹായിച്ചതായി പ്രകടനക്കാർ ചൂണ്ടിക്കാട്ടി.
ഇറാനിലെ അതിക്രമങ്ങൾക്കെതിരെ കാനഡ, ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവന പുറത്തിറക്കി. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഇറാൻ ജനതയുടെ അവകാശത്തെ മാനിക്കണമെന്നും റെവല്യൂഷണറി ഗാർഡ് (IRGC), ബാസിജ് മിലിഷ്യ എന്നിവയെ ഉപയോഗിച്ചുള്ള ബലപ്രയോഗം അവസാനിപ്പിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. ഇറാനിലെ അറസ്റ്റുകളിലും അടിച്ചമർത്തലുകളിലും പ്രധാനമന്ത്രി മാർക്ക് കാർണിയും ആശങ്ക രേഖപ്പെടുത്തി.
ഇറാനിലെ ഇന്റർനെറ്റ് നിരോധനം കാരണം പ്രക്ഷോഭത്തിന്റെ കൃത്യമായ വ്യാപ്തി അറിയാൻ പ്രയാസമാണെങ്കിലും ചുരുങ്ങിയത് 65 പേർ കൊല്ലപ്പെട്ടതായും 2,300 പേർ അറസ്റ്റിലായതായും മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യ്തു. ഇതിനിടെ, പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ ‘ദൈവത്തിന്റെ ശത്രുക്കളായി’ പരിഗണിക്കുമെന്നും ഇവർക്ക് വധശിക്ഷ നൽകുമെന്നും ഇറാന്റെ അറ്റോർണി ജനറൽ മുഹമ്മദ് മൊവാഹേദി ആസാദ് മുന്നറിയിപ്പ് നൽകി. എന്നാൽ ഭരണകൂടത്തിന്റെ ഭീഷണികളെ അവഗണിച്ചും പ്രക്ഷോഭം തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Solidarity for the Iranian uprising: Massive protest in Montreal



