പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും മാത്രമല്ല, തലച്ചോറിനും ഗുരുതരമായ നാശമുണ്ടാക്കുമെന്ന് പുതിയ പഠനം. പുകവലിക്കുന്നത് തലച്ചോറിന് അകാല വാർദ്ധക്യം വരുത്താൻ കാരണമാകുമെന്നും, സാധാരണയായി പ്രായമാകുമ്പോൾ തലച്ചോറ് ചുരുങ്ങുന്ന പ്രക്രിയയുടെ വേഗം ഇത് വർദ്ധിപ്പിക്കുമെന്നും യു.എസിലെ വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിൻ നടത്തിയ പഠനം വിശദമാക്കുന്നു. പുകവലിക്കാർക്ക് പ്രായമാകുമ്പോൾ സംഭവിക്കുന്ന ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങൾ ചെറിയ പ്രായത്തിൽ തന്നെ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്.
പുകവലിയുടെ പ്രധാന കണ്ടെത്തലുകൾ ശ്രദ്ധേയമാണ്. പ്രായവുമായി ബന്ധപ്പെട്ട അൽഷിമേഴ്‌സ് രോഗത്തിനും, വിവേചന ശേഷി (Cognitive Decline) നഷ്ടമാവുന്നതിനും തലച്ചോറിലെ ഈ ചുരുങ്ങൽ കാരണമാകുന്നു. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരിൽ ഡിമെൻഷ്യ പോലുള്ള രോഗങ്ങൾ നേരത്തെ കാണാനുള്ള സാധ്യതയുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. കൂടാതെ, ഒരാൾ എത്രയധികം സിഗരറ്റുകൾ ഉപയോഗിക്കുന്നുവോ, അതിന് ആനുപാതികമായി തലച്ചോറിന്റെ വലിപ്പത്തിലും ചുരുങ്ങൽ സംഭവിക്കുന്നുവെന്നും, പുകവലിക്കാർക്ക് ജനിതകപരമായ തകരാറുകൾ കാണാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
പുകവലിയുടെ ആരോഗ്യ ഫലങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളുടെ കേന്ദ്രബിന്ദു മാറ്റിക്കൊണ്ടാണ് ഈ പഠനം പുറത്തുവന്നിരിക്കുന്നത്.അടുത്തിടെ വരെ, ശ്വാസകോശത്തിനും ഹൃദയത്തിനുമുള്ള ദോഷങ്ങളിലായിരുന്നു ഗവേഷകർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മാനസികാരോഗ്യ വിഭാഗത്തിലെ പ്രൊഫസറായ ലോറ ജെബിയറട്ട് ഉൾപ്പെട്ട ഗവേഷകരാണ് ഈ വിശദമായ പഠനം ബയോളജിക്കൽ സൈക്യാട്രി ജേണലിൽ പ്രസിദ്ധീകരിച്ചത്. 32,094 പേരുടെ വലിയൊരു കൂട്ടത്തിൽ നടത്തിയ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ.
തലച്ചോറിന് സംഭവിച്ച നാശനഷ്ടം പഴയപടി ആക്കാൻ പുകവലി ഉപേക്ഷിച്ചതുകൊണ്ട് സാധിക്കില്ലെങ്കിലും, തുടർന്ന് കൂടുതൽ നഷ്ടമുണ്ടാകുന്നത് തടയാൻ ഇത് സഹായിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കി. “നിലവിലെ ദോഷം മാറ്റാൻ കഴിയില്ല, എന്നാൽ തുടർന്ന് നഷ്ടമുണ്ടാവാതിരിക്കാൻ പുകവലി നിർത്തുന്നത് സഹായിക്കും,” എന്ന് പഠനം അവതരിപ്പിച്ച ഗവേഷകരിലൊരാളായ യൂൻഹോ ചാംഗ് അറിയിച്ചു. അതിനാൽ, എത്രയും പെട്ടെന്ന് പുകവലി ഉപേക്ഷിക്കേണ്ടതിന്റെ അനിവാര്യത പഠനം അടിവരയിടുന്നു.
പ്രായമായവരിൽ മാത്രം കണ്ടുവരുന്ന വിവേചന ശേഷി കുറവ് പോലുള്ള അവസ്ഥകൾ ചെറിയ പ്രായത്തിലേ പുകവലിക്കാരെ ബാധിക്കാനുള്ള അപകടസാധ്യത ഈ പഠനം വിശദീകരിക്കുന്നു. ഒരു തലമുറ വളരെ വേഗത്തിൽ വാർദ്ധക്യത്തിലേക്ക് നടന്നുനീങ്ങാൻ പുകവലി കാരണമാകുന്നുവെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ട് തന്നെ പുകവലിയുടെ ഭവിഷ്യത്തുകൾ കേൾക്കുന്നതിനേക്കാൾ ഭയാനകമാണ് വസ്തുതയെന്നാണ് പഠനത്തേക്കുറിച്ച് ഗവേഷകർ അഭിപ്രായപ്പെടുന്നത്.






