ജറുസലേം ∙ വടക്കൻ ജറുസലേമിൽ രണ്ട് ആയുധധാരികൾ നടത്തിയ വെടിവയ്പിൽ ആറുപേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം രാവിലെ 10:30-ഓടെ ജറുസലേമിലെ റാമോട്ട് ജംക്‌ഷനിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്ന ആളുകൾക്കു നേരെ കാറിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു. ബസിനു നേരെയും ഇവർ വെടിവച്ചു. സ്ഥലത്തുണ്ടായിരുന്ന ഒരു സൈനികനും ഏതാനും സാധാരണക്കാരും നടത്തിയ തിരിച്ചടിയിൽ അക്രമികൾ കൊല്ലപ്പെട്ടു.
വെടിവയ്പിൽ നാലുപേർ സംഭവസ്ഥലത്തും രണ്ടുപേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അക്രമികൾ വെസ്റ്റ് ബാങ്ക് സ്വദേശികളാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇവർ ഉപയോഗിച്ചത് കാൾ ഗുസ്താവ് സബ്മെഷിൻ ഗണ്ണുകളാണെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെസ്റ്റ് ബാങ്കിലെ അനധികൃത ആയുധനിർമാണ ശാലകളിൽ നിർമിക്കുന്ന ഇത്തരം ആയുധങ്ങൾ ഹമാസ് മുൻപും ഉപയോഗിച്ചിട്ടുണ്ട്. അക്രമികളിൽനിന്ന് കത്തികളും വെടിയുണ്ടകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
ഇതൊരു ഭീകരാക്രമണമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും ഹമാസിനെ തുടച്ചുനീക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമികളുടെ ഗ്രാമങ്ങൾ ഇസ്രയേൽ വളഞ്ഞിരിക്കുകയാണെന്നും നെതന്യാഹു വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Six killed by Palestinian gunmen at Jerusalem bus stop





