ഫ്രെഡറിക്ടൺ: ന്യൂ ബ്രൺസ്വിക്കിൽ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കി പാരമെഡിക്സ് ജീവനക്കാരുടെ കടുത്ത ക്ഷാമം. നിലവിൽ ആവശ്യമായ ജീവനക്കാരുടെ എണ്ണത്തിൽ മുപ്പത് ശതമാനത്തോളം കുറവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 118 പുതിയ പാരമെഡിക്കുകൾ സർവീസിൽ പ്രവേശിച്ചെങ്കിലും 116 പേർ ജോലി രാജിവെക്കുകയോ വിരമിക്കുകയോ ചെയ്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മികച്ച തൊഴിൽ സാഹചര്യങ്ങളും മറ്റ് പ്രവിശ്യകളിലെ വിപുലമായ അവസരങ്ങളും തേടിയാണ് ഭൂരിഭാഗം പേരും ജോലി ഉപേക്ഷിക്കുന്നത്.
നിലവിലെ കണക്കുകൾ പ്രകാരം പ്രവിശ്യയിൽ മുന്നൂറോളം പാരമെഡിക്കുകളുടെ കുറവുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. ജോലിയിലെ അമിത ജോലിഭാരവും കടുത്ത മാനസിക സമ്മർദ്ദവും ജീവനക്കാരുടെ കൂട്ടവിരമിക്കലിന് കാരണമാകുന്നുണ്ട്. ന്യൂ ബ്രൺസ്വിക്കിൽ ഒരു പാരമെഡിക് ജീവനക്കാരൻ ശരാശരി എട്ട് വർഷം മാത്രമാണ് സർവീസിൽ തുടരുന്നത്. ഈ സാഹചര്യത്തിലാണ് ജീവനക്കാരെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമായി പ്രവിശ്യാ സർക്കാർ പുതിയ പരിഷ്കാരങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
ആംബുലൻസുകളിൽ ഹൃദയാഘാത ചികിത്സയ്ക്കുള്ള അത്യാധുനിക മരുന്നുകൾ ലഭ്യമാക്കുന്നതിനായി പ്രീമിയർ സൂസൻ ഹോൾട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാർ 25 ലക്ഷം ഡോളറിന്റെ (2.5 മില്യൺ) ധനസഹായം പ്രഖ്യാപിച്ചു. ഹൃദയാഘാതം സംഭവിക്കുന്ന രോഗികളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ‘ത്രോംബോലിറ്റിക്സ്’ (Thrombolytics) മരുന്നുകളാണ് ഇനിമുതൽ ആംബുലൻസുകളിൽ ലഭ്യമാക്കുക. അഡ്വാൻസ്ഡ് കെയർ പാരമെഡിക്കുകൾക്ക് ഇതിനുള്ള പരിശീലനം നേരത്തെ ലഭിച്ചിട്ടുണ്ടെങ്കിലും മരുന്നുകൾ ലഭ്യമായിരുന്നില്ല.
ഈ വൺപൺ പ്രഖ്യാപനത്തോടെ ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട തുടങ്ങിയ കനേഡിയൻ പ്രവിശ്യകളുടെ പട്ടികയിലേക്ക് ന്യൂ ബ്രൺസ്വിക്കും ഉയരുകയാണ്. പുതിയ ചികിത്സാ സൗകര്യങ്ങൾ ജീവനക്കാർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
പാരമെഡിക്സ് ക്ഷാമം പരിഹരിക്കാൻ ഭാവി ജീവനക്കാർക്കായി സൗജന്യ പഠന പദ്ധതിയും സർക്കാർ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. പഠനച്ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കുന്നതിന് പകരമായി കോഴ്സ് പൂർത്തിയാക്കിയ ശേഷം രണ്ട് വർഷം പ്രവിശ്യയിൽ നിർബന്ധിത സേവനം അനുഷ്ഠിക്കണം എന്നതാണ് വ്യവസ്ഥ. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി വൻ വിജയമായതിനെ തുടർന്നാണ് ഈ വർഷം ഏപ്രിൽ മുതൽ ഇത് സ്ഥിരമാക്കിയത്. മുൻപ് പാരമെഡിക്സ് കോഴ്സുകളിൽ പകുതിയോളം സീറ്റുകൾ ഒഴിഞ്ഞുകിടന്നിരുന്ന സ്ഥാനത്ത്, ഇപ്പോൾ എല്ലാ സീറ്റുകളും നിറഞ്ഞതായും കൂടുതൽ ബാച്ചുകൾ ആരംഭിച്ചതായും ആംബുലൻസ് ന്യൂ ബ്രൺസ്വിക്ക് അധികൃതർ വ്യക്തമാക്കി.
പുതിയ ബാച്ചുകൾ പഠിച്ചിറങ്ങുന്നതോടെ പ്രവിശ്യയിലെ ആംബുലൻസ് സർവീസുകൾ കൂടുതൽ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യസമയത്ത് ജീവനക്കാർക്ക് അവധി ലഭിക്കുന്നതിനും മികച്ച തൊഴിൽ-ജീവിത സന്തുലിതാവസ്ഥ (Work-life balance) ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും. കൂടുതൽ അത്യാധുനിക സജ്ജീകരണങ്ങളും മികച്ച തൊഴിൽ അന്തരീക്ഷവും ഒരുക്കുന്നതിലൂടെ വരും വർഷങ്ങളിൽ പാരമെഡിക്സ് മേഖലയിലെ പ്രതിസന്ധി പൂർണ്ണമായി പരിഹരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണകൂടം.
short-300-paramedics-this-province-is-trying-to-attract-retain-more-health-care-professionals
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










