വാഷിങ്ടൺ : ഇറാനുമായുള്ള അഞ്ചുമാസം നീണ്ട യുദ്ധത്തിനിടയിൽ അമേരിക്കയുടെ അത്യാധുനിക ദീർഘദൂര മിസൈലുകളുടെ ആഗോള ശേഖരം വൻതോതിൽ തീർന്നതായി റിപ്പോർട്ട്. യു.എസ് കരസേനയുടെ പ്രധാന ഉപരിതല-ഉപരിതല ആയുധങ്ങളായ ‘അറ്റാകംസ്’ (ATACMS), ‘പി.ആർ.എസ്.എം’ (PrSM) എന്നിവയിൽ ഭൂരിഭാഗവും യുദ്ധത്തിൽ ഉപയോഗിച്ചു കഴിഞ്ഞുവെന്നാണ് ഔദ്യോഗിക വിവരങ്ങൾ അടിസ്ഥാനമാക്കി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് വെളിപ്പെടുത്തിയത്. ആക്രമണങ്ങൾ നടത്തുമ്പോൾ സ്വന്തം പൈലറ്റുമാരുടെ ജീവൻ അപകടത്തിലാകാതിരിക്കാൻ കരയിൽ നിന്നുള്ള ദീർഘദൂര മിസൈലുകളെ അമിതമായി ആശ്രയിച്ചതാണ് ആയുധശേഖരത്തിൽ വൻ കുറവുണ്ടാക്കിയത്.
കരസേനയുടെ മിസൈലുകൾക്ക് പുറമെ, കപ്പലുകളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും തൊടുക്കാവുന്ന ടോമഹോക്ക് ക്രൂയിസ് മിസൈലുകളുടെ പകുതിയോളവും അമേരിക്ക ഉപയോഗിച്ചുകഴിഞ്ഞു. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഭാവിയിലുണ്ടാകാനിടയുള്ള ഭീഷണികളെ നേരിടാനുള്ള യു.എസിന്റെ പ്രതിരോധ ശേഷിയെ ഇത് ബാധിച്ചേക്കുമെന്ന ആശങ്ക സൈനിക കേന്ദ്രങ്ങൾ പങ്കുവെക്കുന്നുണ്ട്.
വ്യോമാക്രമണങ്ങളെ ചെറുക്കാൻ ഉപയോഗിക്കുന്ന പേട്രിയറ്റ് ഇന്റർസെപ്റ്ററുകളുടെ 65 ശതമാനവും ‘റ്റാഡ്’ (THAAD) മിസൈലുകളുടെ 38 ശതമാനവും ഇതിനകം ചെലവഴിച്ചതായി വാഷിംഗ്ടൺ ആസ്ഥാനമായ സി.എസ്.ഐ.എസ് (CSIS) ചൂണ്ടിക്കാട്ടുന്നു. ഇനി ഇറാനെതിരെ കൂറ്റൻ ആക്രമണങ്ങൾക്ക് മുതിർന്നാൽ, അപകടസാധ്യതയേറിയ യുദ്ധവിമാന ദൗത്യങ്ങളെ ആശ്രയിക്കാൻ അമേരിക്ക നിർബന്ധിതരാകും.
എന്നാൽ ആയുധക്ഷാമത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വൈറ്റ് ഹൗസും പെന്റഗണും തള്ളി. ലോകത്ത് മറ്റാരെക്കാളും കൂടുതൽ പടക്കോപ്പുകൾ അമേരിക്കയുടെ പക്കലുണ്ടെന്നും ആവശ്യമായതിലും അധികം ആയുധങ്ങൾ സൈന്യത്തിന് ലഭ്യമാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവനയിൽ വ്യക്തമാക്കി. ആയുധ നിർമ്മാണ കമ്പനികൾ എക്കാലത്തെയും ഉയർന്ന തോതിൽ ഉൽപ്പാദനം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ സൈന്യം ലോകത്തിലെ ഏറ്റവും കരുത്തുറ്റതാണെന്നും ഏത് ഘട്ടത്തിലും രാജ്യത്തിന്റെ താാല്പര്യങ്ങൾ സംരക്ഷിക്കാനുള്ള ശേഷിയുണ്ടെന്നും പെന്റഗൺ വക്താവ് ഷോൺ പാർനെലും പ്രതികരിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇസ്രായേലുമായി ചേർന്ന് ഡൊണാൾഡ് ട്രംപ് ഇറാന് നേരെ യുദ്ധം പ്രഖ്യാപിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് അവസാനിക്കുമെന്ന് കരുതപ്പെട്ട പോരാട്ടം നീണ്ടുപോയതാണ് ആയുധശേഖരത്തെ ബാധിച്ചത്. ലോകമെമ്പാടുമുള്ള യു.എസ് സൈനിക താവളങ്ങളിൽ നിന്ന് പടക്കോപ്പുകൾ എത്തിച്ച് ശേഖരം പുനഃസ്ഥാപിക്കാൻ നീക്കം നടക്കുന്നുണ്ടെങ്കിലും ഉൽപ്പാദനം വേഗത്തിലാക്കുക വെല്ലുവിളിയാണ്. അതേസമയം, കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ ട്രംപ് ഭരണകൂടം യുദ്ധം തുടരുന്നതിനെച്ചൊല്ലി അമേരിക്കൻ രാഷ്ട്രീയത്തിലും ഭിന്നത രൂക്ഷമായിട്ടുണ്ട്.
Setback in Iran war; US long-range missile stockpile is running out, report says
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




