ഒട്ടാവ: വരാനിരിക്കുന്ന അവധിക്കാലത്തിന് മുന്നോടിയായി രക്തദാനങ്ങൾ വർദ്ധിപ്പിക്കാൻ, പ്രത്യേകിച്ച് പ്ലാസ്മാ ദാനത്തിനായി, പൊതുജനങ്ങളോട് അഭ്യർഥിച്ച് കനേഡിയൻ ബ്ലഡ് സർവീസസ് (Canadian Blood Services – CBS). വരാനിരിക്കുന്ന അവധിക്കാലം പ്രമാണിച്ച് സ്ഥിരം ദാതാക്കൾ വിട്ടുനിൽക്കാൻ സാധ്യതയുള്ളതിനാലാണ് CBS ഈ നീക്കം. സിബിഎസ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മാനേജരായ ജാൻ ഗ്രാന്റ്, ജീവൻരക്ഷാ ഘടകമായ പ്ലാസ്മയെ “Liquid Gold” എന്നാണ് വിശേഷിപ്പിച്ചത്. ക്യാൻസർ ചികിത്സ, ശസ്ത്രക്രിയകൾ തുടങ്ങിയ ഗുരുതരമായ ചികിത്സകളുമായി ബന്ധപ്പെട്ട് നിരവധി രോഗികൾക്ക് പ്ലാസ്മ അത്യന്താപേക്ഷിതമാണ്. ഈ നിർണായക സമയത്തെ ദാതാക്കളുടെ കുറവ് നികത്തി, ആശുപത്രികളിലെ രോഗികൾക്ക് ആവശ്യമായ പ്ലാസ്മാ വിതരണം മുടക്കില്ലാതെ ഉറപ്പാക്കുകയാണ് സിബിഎസിന്റെ ലക്ഷ്യം.
നിലവിലെ സാഹചര്യത്തിൽ, പ്ലാസ്മയുടെയും രക്തത്തിന്റെയും ആവശ്യം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗണ്യമായി വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്ലാസ്മയുടെ ആവശ്യം ഏകദേശം 50 ശതമാനം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, രാജ്യത്തുടനീളം പത്ത് ലക്ഷം പുതിയ ദാതാക്കളെയാണ് കനേഡിയൻ ബ്ലഡ് സർവീസസിന് ആവശ്യമുള്ളത്. ഇതിൽ വലിയൊരു പങ്ക് പ്ലാസ്മ ദാതാക്കൾ ആയിരിക്കണം. ദാനം ചെയ്യുന്നതിലൂടെ ലഭിക്കുന്ന സംതൃപ്തിക്ക് പുറമെ, രോഗികളുടെ ജീവിതത്തിൽ ദാതാക്കൾക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്നും ജാൻ ഗ്രാന്റ് ചൂണ്ടിക്കാട്ടി.
രക്തം ദാനം ചെയ്തിട്ടുള്ളവർക്ക് പ്ലാസ്മാ ദാന പ്രക്രിയ പരിചിതമായിരിക്കും. സാധാരണ രക്തദാനത്തേക്കാൾ ഏകദേശം പതിനഞ്ച് മിനിറ്റ് മാത്രമേ ഇതിന് കൂടുതൽ സമയം വേണ്ടിവരുന്നുള്ളൂ. ആദ്യമായി ദാനം ചെയ്യാൻ വരുന്നവർ ആശങ്കപ്പെടേണ്ടതില്ല. ഇത് തികച്ചും സൗഹൃദപരവും സുരക്ഷിതവുമായ ഒരന്തരീക്ഷമാണ്. ദാതാക്കൾ സുഖമായി വിശ്രമിക്കുമ്പോൾ തന്നെ, വിദഗ്ദ്ധരായ ടീം ഈ പ്രക്രിയ പൂർത്തിയാക്കും. ദാനസമയത്ത് സമയം പോകുന്നതറിയാതിരിക്കാൻ വിനോദത്തിനായി എന്തെങ്കിലും കരുതുകയോ അല്ലെങ്കിൽ സുഹൃത്തുക്കളോടൊപ്പം വരികയോ ചെയ്യാമെന്ന് ഗ്രാന്റ് നിർദ്ദേശിച്ചു. രക്തദാനം ചെയ്യാത്തവർ പോലും ഈ മഹത്തായ ജീവൻരക്ഷാ ദൗത്യത്തിൽ പങ്കുചേരണമെന്നും, ഇപ്പോൾത്തന്നെ പ്ലാസ്മ ദാനം ചെയ്യാൻ തയ്യാറാവണമെന്നും കനേഡിയൻ ബ്ലഡ് സർവീസസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canadian Blood Services Urgent Appeal: Seeking New Donors to Increase Plasma Donation






