മോൺട്രിയൽ: മോൺട്രിയലിലെ വെർഡൺ ബീച്ചിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ്. ഈ മാസം ഈ ബീച്ചിൽ സംഭവിക്കുന്ന രണ്ടാമത്തെ മരണമാണിത്.
തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ സെന്റ് ലോറൻസ് നദിയിലെ വെർഡൺ ബറോയിൽ നിന്ന് ഒരു ഇരുപത് വയസ്സുകാരനെ കാണാതായതായി റിപ്പോർട്ട് ചെയ്യുകയായിരുന്നു. മോൺട്രിയൽ ഫയർ ഡിപ്പാർട്ട്മെന്റും കനേഡിയൻ കോസ്റ്റ് ഗാർഡും ചേർന്ന് മണിക്കൂറുകളോളം തിരച്ചിൽ നടത്തി. രാത്രി എട്ട് മണിയോടെയാണ് യുവാവിനെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ മരണം ഒരു അപകടമാണെന്നാണ് പ്രാഥമിക നിഗമനം. മരണത്തിന്റെ സാഹചര്യങ്ങൾ അന്വേഷിക്കാൻ കൊറോണർ ഓഫീസ് നടപടികൾ ആരംഭിച്ചു. ഈ മാസം വെർഡൺ ബീച്ചിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മുങ്ങിമരണമാണിത്. ജൂൺ ഏഴിന് ഒരു ഇരുപത് വയസ്സുകാരനെ കാണാതായിരുന്നു. കഴിഞ്ഞ ആഴ്ച അയാളുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചിരുന്നു.



