ലാൻസ്ഡൗൺ സ്റ്റേഷൻ, നോവ സ്കോഷ്യ — മെയ് 2-ന് പിക്ടോ കൗണ്ടിയിലെ വീട്ടിൽ നിന്നും കാണാതായ 6 വയസ്സുകാരി ലിലി സുള്ളിവനെയും , 4 വയസ്സുള്ള അനുജൻ ജാക്കിനെയും തേടിയുള്ള വിപുലമായ തിരച്ചിൽ പ്രവർത്തനങ്ങൾ ചുരുക്കുന്നതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിൽ വന്ന മാറ്റങ്ങൾക്കിടയിലും കേസ് അതീവ ഗൗരവത്തോടെയും സംശയത്തിന്റെ നിഴലിലും തുടരുമെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. കുരുന്നുകൾ അപ്രത്യക്ഷരായതിനു ശേഷം ഇതുവരെ അവരെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
വീടിന് സമീപം സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ, RCMP-യുടെ മുതിർന്ന ഉദ്യോഗസ്ഥൻ സ്റ്റാഫ് സർജന്റ് കർട്ടിസ് മാക്കിന്നൻ അന്വേഷണപുരോഗതി വിശദീകരിച്ചു. “കുട്ടികൾ കാണാതായ മെയ് 2-ന് തൊട്ടടുത്ത ദിവസം മുതൽ തന്നെ ഈ കേസ് ആർസിഎംപിയുടെ പ്രത്യേക കുറ്റാന്വേഷണ വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്. കേസ് തെളിയാത്തപക്ഷം എല്ലാ കാണാതാകൽ കേസുകളും സംശയാസ്പദമായി തന്നെയാണ് ഞങ്ങൾ പരിഗണിക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.”ഞങ്ങൾ അന്വേഷണം അവസാനിപ്പിക്കുകയോ കുട്ടികളെ കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിക്കുകയോ അല്ല ചെയ്യുന്നത്. മറിച്ച്, അന്വേഷണ രീതികൾ കാര്യക്ഷമമാക്കുകയാണ്,” എന്ന് മാക്കിന്നൻ ഊന്നിപ്പറഞ്ഞു. കനത്ത കാടുകളിൽ ആറ് ദിവസത്തിനുശേഷമുള്ള അതിജീവന സാധ്യതകൾ പരിഗണിച്ചുകൊണ്ടാണ് തിരച്ചിൽ രീതിയിൽ മാറ്റം വരുത്തിയിരിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.
നൂറ്റമ്പതിലധികം രക്ഷാപ്രവർത്തകർ ദിനംപ്രതി കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശം രിശോധിച്ചിരുന്നു .ഹെലികോപ്റ്ററുകളും ഡ്രോണുകളും വ്യാപകമായി ഉപയോഗിച്ചിട്ടും, കുരുന്നുകളെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇതിനെത്തുടർന്ന്, ഇതിനകം പരിശോധിച്ച മേഖലകൾ വീണ്ടും സൂക്ഷ്മമായി പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.”ഒരു ചെറിയ സൂചനപോലും നമുക്ക് നിർണായകമാകാം. അതിനാലാണ് തന്ത്രപരമായി അന്വേഷണരീതി പുനഃക്രമീകരിച്ചിരിക്കുന്നത്,” എന്ന് മാക്കിന്നൻ വ്യക്തമാക്കി.
കുട്ടികളുടെ രക്ഷിതാവായ ഡാനിയൽ മാർട്ടെൽ പറയുന്നതനുസരിച്ച്, അദ്ദേഹവും കുട്ടികളുടെ അമ്മ മലേഹ്യ ബ്രൂക്സും ഏറ്റവും ഇളയ കുഞ്ഞിനെ ശ്രദ്ധിക്കുന്നതിനിടെയാണ് കുരുന്നുകൾ പിൻവാതിലിലൂടെ പുറത്തേക്ക് പോയത്. അന്വേഷണകാലയളവിൽ മാനസികമായി തളർന്നിട്ടും പ്രതീക്ഷ കൈവിടാതെ കുരുന്നുകൾക്കായുള്ള കാത്തിരിപ്പിൽ മുഴുവൻ സമയവും വീട്ടിൽത്തന്നെ മാർട്ടെൽ തുടരുകയാണ്.






