കുട്ടികളിലെ അമിതമായ സ്ക്രീൻ ഉപയോഗം മോശം സ്വഭാവങ്ങളിലേക്കും സാമൂഹിക-വൈകാരിക പ്രശ്നങ്ങളിലേക്കും നയിക്കുന്നുവെന്ന് പഠനം. കമ്പ്യൂട്ടറുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട്‌ഫോണുകൾ, ടിവികൾ, ഗെയിമിംഗ് കൺസോളുകൾ തുടങ്ങിയ ഉപകരണങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികൾക്ക് പിന്നീട് ഉത്കണ്ഠ, ആത്മാഭിമാനക്കുറവ്, ആക്രമണസ്വഭാവം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ‘സൈക്കോളജിക്കൽ ബുള്ളറ്റിൻ’ എന്ന അക്കാദമിക് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.
ലോകമെമ്പാടുമുള്ള ഏകദേശം 300,000 കുട്ടികളെ നിരീക്ഷിച്ചാണ് ഈ കണ്ടെത്തലുകൾ.
ക്വീൻസ്ലാൻഡ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് സൈക്കോളജിയിലെ അസോസിയേറ്റ് പ്രൊഫസറും പഠനത്തിന്റെ രചയിതാക്കളിൽ ഒരാളുമായ ഡോ. മൈക്കിൾ നോയ്ടെൽ പറയുന്നതനുസരിച്ച്, സ്ക്രീൻ സമയം വർദ്ധിക്കുന്നത് വൈകാരികവും സ്വഭാവപരവുമായ പ്രശ്നങ്ങളിലേക്ക് നയിക്കുകയും, ഈ പ്രശ്നങ്ങളുള്ള കുട്ടികൾ പലപ്പോഴും ഒരു പ്രതിവിധിയായി സ്ക്രീനുകളിലേക്ക് തിരിയുകയും ചെയ്യുന്നു.
100-ലധികം പഠനങ്ങളുടെ മെറ്റാ-അനാലിസിസ് നടത്തിയാണ് ഇവർ ഈ നിഗമനത്തിലെത്തിയത്. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾ ഒരു മണിക്കൂറിൽ കൂടുതൽ സ്ക്രീൻ ഉപയോഗിക്കുമ്പോഴും, മുതിർന്ന കുട്ടികൾ പ്രതിദിനം രണ്ട് മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കുമ്പോഴും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. പ്രത്യേകിച്ച്, ഗെയിമിംഗ് കൺസോളുകളിലെ അമിത ഉപയോഗം കുട്ടികളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
സ്‌ക്രീൻ സമയത്തിന്റെ ഗുണനിലവാരം പ്രധാനമാണെന്നും പഠനം ഊന്നിപ്പറയുന്നു. അക്രമാസക്തമായ വീഡിയോ ഗെയിമുകളേക്കാൾ പൊതുവായ ഗെയിമിംഗ് വൈകാരിക പ്രശ്നങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, സാമൂഹികമായോ വൈകാരികമായോ ബുദ്ധിമുട്ടുന്ന കുട്ടികൾ പലപ്പോഴും ഒരു രക്ഷപ്പെടൽ മാർഗ്ഗമായി സ്ക്രീനുകളെ, പ്രത്യേകിച്ച് വീഡിയോ ഗെയിമുകളെ ആശ്രയിക്കുന്നു. ഇത് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ വൈകാരിക ബുദ്ധിമുട്ടുകളെ ഇത് ശക്തിപ്പെടുത്തുമെന്ന് പഠനം പറയുന്നു.
കുട്ടികളുടെ ലിംഗഭേദവും സ്ക്രീൻ ഉപയോഗത്തിൽ വ്യത്യാസങ്ങൾ വരുത്തുന്നു; ആൺകുട്ടികൾ ഗെയിമിംഗിനെ കൂടുതലായി ആശ്രയിക്കുമ്പോൾ, പെൺകുട്ടികൾക്ക് കൂടുതൽ സ്ക്രീൻ ഉപയോഗത്തിലൂടെ വൈകാരിക പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.
മാതാപിതാക്കൾ ഈ വിഷയത്തിൽ വലിയ പങ്ക് വഹിക്കാന്നുണ്ട്. കനേഡിയൻ പീഡിയാട്രിക് സൊസൈറ്റിയുടെ (CPS) ശുപാർശകൾ അനുസരിച്ച്, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്ക്രീൻ ഉപയോഗം പാടില്ല, രണ്ട് മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് ഒരു മണിക്കൂറിൽ കൂടുതൽ സ്ക്രീൻ സമയം നൽകരുത്.
മുതിർന്ന കുട്ടികൾക്ക് പ്രതിദിനം രണ്ട് മണിക്കൂറിൽ കൂടുതൽ സ്ക്രീൻ സമയം പരിമിതപ്പെടുത്താനും ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും സ്ക്രീനുകൾ ഓഫ് ചെയ്യാനും CPS നിർദ്ദേശിക്കുന്നു. കുട്ടികളുടെ സ്ക്രീൻ ഉപയോഗത്തിന്റെ അളവ് മാത്രമല്ല, അതിന്റെ ഉള്ളടക്കത്തിന്റെ ഗുണനിലവാരവും നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോ. താര നരുള പറയുന്നു.
കുട്ടികളുമായി സ്ക്രീൻ ഉപയോഗത്തെക്കുറിച്ച് സംസാരിക്കുകയും, ആരോഗ്യകരമായ അതിരുകൾ നിശ്ചയിക്കാൻ അവരെ സഹായിക്കുകയും, മാതാപിതാക്കൾ മാതൃകയാവുകയും ചെയ്യേണ്ടത് പ്രധാനമാണ്. സ്ക്രീൻ ഉപയോഗം കാരണം മറ്റ് താൽപ്പര്യങ്ങൾ നഷ്ടപ്പെടുകയോ ഉറക്കം തടസ്സപ്പെടുകയോ ചെയ്താൽ അത് ഒരു വലിയ പ്രശ്നത്തിന്റെ സൂചനയാണെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.



