ഒന്റാരിയോ: എൻവയോൺമെന്റ് കാനഡ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ കിഴക്കൻ ഒന്റാരിയോയിലെ സ്കൂൾ ബസ് സർവീസുകൾ വ്യാപകമായി റദ്ദാക്കിയിരിക്കുകയാണ്. എന്നാൽ, തലസ്ഥാന നഗരമായ ഒട്ടാവയിൽ ഇന്ന് സ്കൂൾ ബസുകൾ ഓടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഒട്ടാവയിലെ ഇംഗ്ലീഷ്, ഫ്രഞ്ച് സ്കൂൾ ബോർഡുകളിലെ എല്ലാ സ്കൂൾ ബസ്, വാൻ ഗതാഗതങ്ങളും ഇന്ന് പതിവുപോലെ പ്രവർത്തിക്കുമെന്നാണ് ഒട്ടാവ സ്റ്റുഡന്റ് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി (OSTA) വ്യക്തമാക്കിയത്.
അതേസമയം, കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഒട്ടാവയിലെ സർവീസുകൾക്ക് കാലതാമസം നേരിടാൻ സാധ്യതയുണ്ടെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. “കാലാവസ്ഥാ സാഹചര്യങ്ങൾ കാരണം സർവീസുകൾ വൈകാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം,” എന്ന് OSTA അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒട്ടാവയ്ക്ക് പുറമെ കിഴക്കൻ ഒന്റാരിയോയിലും കനത്ത മഞ്ഞുവീഴ്ചയാണ് Environment Canada പ്രവചിച്ചിരിക്കുന്നത്. 15 മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞ് ഇന്ന് പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
കിഴക്കൻ ഒന്റാരിയോയിൽ കത്തോലിക്കാ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്, അപ്പർ കാനഡ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് എന്നിവയുടെ കീഴിലുള്ള എല്ലാ സ്കൂൾ ബസുകളും റദ്ദാക്കിയിട്ടുണ്ട്. റെൻഫ്രൂ കൗണ്ടി ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്, റെൻഫ്രൂ കൗണ്ടി കത്തോലിക്കാ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് എന്നിവിടങ്ങളിലും ബസ് സർവീസ് ഉണ്ടാകില്ല. എന്നിരുന്നാലും, ഈ പ്രദേശങ്ങളിലെ സ്കൂളുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും.
ഫ്രഞ്ച് സ്കൂൾ ബോർഡുകൾക്ക് കീഴിലുള്ള ആർൺപ്രിയോർ, ബ്രോക്ക്‌വില്ലെ, കാർലട്ടൺ പ്ലേസ്, അൽമോണ്ടെ, പെംബ്രോക്ക്, പ്രെസ്കോട്ട്-റസ്സൽ, കിംഗ്സ്റ്റൺ, മരിയോൺവില്ലെ, മെറിക്ക്‌വില്ലെ, കെംപ്റ്റ്‌വില്ലെ, ട്രെന്റൺ എന്നിവിടങ്ങളിലെ സ്കൂൾ ബസുകളും ഇന്ന് റദ്ദാക്കിയിട്ടുണ്ട്. എന്നാൽ ഈ സ്കൂളുകളും ഇന്ന് തുറന്ന് പ്രവർത്തിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രക്ഷിതാക്കൾക്ക് കാലതാമസം സംബന്ധിച്ച വിവരങ്ങൾ അതത് സ്കൂൾ ബസ് അതോറിറ്റികളുമായി ബന്ധപ്പെട്ട് അറിയാവുന്നതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Heavy snow: School bus service canceled in eastern Ontario, Ottawa warns commuters






