റിയാദ്; ബ്രിട്ടനിൽ പീഡനശ്രമത്തിന് ഇരയാക്കൻ ശ്രമിച്ച യുവതിയെ രക്ഷിക്കാൻ ധീരമായി ഇടപെട്ട സൗദി വിദ്യാർഥി ഹംസ അൽ ബാർ (23) പ്രശംസകൾ ഏറ്റുവാങ്ങുന്നു. വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ സൺഡർലാൻഡിലാണ് സംഭവം. ബ്രിട്ടനിൽ ഉപരിപഠനം നടത്തുന്ന ഹംസയുടെ സമയോചിതമായ ഇടപെടലാണ് യുവതിക്ക് രക്ഷയായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൺഡർലാൻഡിലെ ടെക്സോയ്ക്ക് സമീപം നടന്നുപോകുമ്പോഴാണ് ഹംസ അൽ ബാർ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.
ബസ് സ്റ്റോപ്പിനോട് ചേർന്ന ഇടനാഴികളിലൊന്നിൽ വെച്ച് ഇയാൻ ഹഡ്സൺ (42) എന്നയാൾ ഒരു സ്ത്രീയെ ആക്രമിക്കുന്നതും പീഡിപ്പിക്കാൻ ശ്രമിക്കുന്നതും ഹംസയുടെ ശ്രദ്ധയിൽ പെട്ടു. ഒരു നിമിഷം പോലും വൈകാതെ യുവതിക്കെതിരായ അതിക്രമം തടയാൻ ഹംസ അക്രമിയെ നേരിട്ടു. ഇതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാൻ ഹഡ്സനെ സൗദി യുവാവ് പിന്തുടർന്ന് കീഴ്പ്പെടുത്തി. വഴിപോക്കരുടെ സഹായത്തോടെ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘം അക്രമിയെ അറസ്റ്റ് ചെയ്തു.
പോലീസ് കസ്റ്റഡിയിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ആക്രമിക്കുകയും മറ്റു ചില കുറ്റകൃത്യങ്ങളിലും പ്രതിക്ക് പങ്കുള്ളതായി റിപ്പോർട്ടുണ്ടായിരുന്നു. സൗദി യുവാവിനെ ആക്രമിച്ചതടക്കം എട്ട് കുറ്റകൃത്യങ്ങൾക്ക് ന്യൂകാസിൽ ക്രൗൺ കോടതി ഇയാൻ ഹഡ്സൺ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ‘അപകടകരമായ കുറ്റവാളി’ വിഭാഗത്തിൽ ഉൾപ്പെടുത്തി ഹഡ്സനെ കോടതി ഒമ്പത് വർഷം തടവിനും തുടർന്ന് അഞ്ച് വർഷം പ്രൊബേഷനും വിധിച്ചു.
ഗുരുതരമായ ഒരു കുറ്റകൃത്യം തടയാൻ സഹായിച്ച ഹംസ അൽ ബാറിന്റെ ധീരമായ നിലപാടിനെ ജഡ്ജിയും ബ്രിട്ടീഷ് പോലീസും പ്രശംസിച്ചു. “ധൈര്യത്തോടെ പ്രവർത്തിക്കുകയും ഇരയെ രക്ഷിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ഇടപെടൽ കൂടുതൽ വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചുവെന്ന് കോടതി എടുത്തുപറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ ഹംസ അൽ ബാറിന് അഭിനന്ദന പ്രവാഹമാണ്. “ഗുരുതരമായ അപകടത്തിൽ നിന്ന് ഒരു സ്ത്രീയുടെ ജീവൻ രക്ഷിച്ച, ധീരതയിലും ഉത്തരവാദിത്തബോധത്തിലും അനുകരിക്കേണ്ട ഒരു മാതൃകയാണ് ഹംസ അൽ ബാർ. ഉത്തമമായ പ്രവൃത്തികളിലൂടെ സ്വന്തം രാജ്യത്തിന് അഭിമാനമുണ്ടാക്കിയ അദ്ദേഹത്തെ ഓർത്ത് നമുക്ക് അഭിമാനിക്കാം എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ.
saudi-student-hailed-as-hero-for-rescuing-woman
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






