സസ്‌കറ്റൂൺ: സസ്‌കറ്റൂണിൽ സ്റ്റേഷൻ 20 വെസ്റ്റിന് സമീപമുള്ള മൂന്ന് ഭവനരഹിത ക്യാമ്പുകൾ ഒഴിപ്പിക്കുന്നതിൽ നിന്ന് നഗരസഭയെ തടയണമെന്ന അടിയന്തര ആവശ്യം കോടതി തള്ളി. ജസ്റ്റിസ് റിച്ചാർഡ് ഡാനില്യൂക്ക് ആണ് ക്രിസ്റ്റൽ ഫഫാർഡും ഷീല മക്ലീനും സമർപ്പിച്ച ഹർജി തള്ളിയത്. നഗരത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.

301 അവന്യൂ കെ സൗത്ത്, 1112 19-ാം സ്ട്രീറ്റ് വെസ്റ്റ്, 1202 19-ാം സ്ട്രീറ്റ് വെസ്റ്റ് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. ആരോഗ്യ-സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ച ഫയർ ബൈലോ ഇൻസ്പെക്ടർമാർ ക്യാമ്പുകളിലെത്തി ഒഴിയുന്നതിനുള്ള നടപടികൾ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു.
ക്യാമ്പിലുള്ളവർക്ക് മറ്റ് അഭയകേന്ദ്രങ്ങളില്ലെന്നും ഒഴിപ്പിച്ചാൽ പരിഹരിക്കാനാകാത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ ഇരുവരും ക്യാമ്പുകളിൽ താമസിക്കുന്നവരല്ലെന്നും ക്യാമ്പിലെ താമസക്കാരെ പ്രതിനിധീകരിക്കാൻ അവർക്ക് അനുമതിയുണ്ടെന്നതിന് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ക്യാമ്പിലുള്ള ആരെയും നേരിട്ട് ബാധിക്കുന്ന സാഹചര്യം വ്യക്തമാക്കുന്ന തെളിവുകളും ഹർജിക്കാർ സമർപ്പിച്ചില്ലെന്ന് കോടതി പറഞ്ഞു.
സസ്‌കറ്റൂണിൽ ഭവനരഹിതർക്കുള്ള അഭയകേന്ദ്രങ്ങളുടെ എണ്ണം പര്യാപ്തമല്ലെന്ന് കോടതി അംഗീകരിച്ചു. എന്നാൽ ക്യാമ്പുകൾ ഒഴിപ്പിച്ചാൽ താമസക്കാർക്ക് പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകുമെന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഹർജിക്കാർ നൽകിയിട്ടില്ലെന്ന് ജസ്റ്റിസ് ഡാനില്യൂക്ക് വ്യക്തമാക്കി. നഗരത്തിന്റെ ഉടമസ്ഥാവകാശവും ബൈലോ നടപ്പാക്കാനുള്ള അധികാരവും തടയുന്നതാകും നിരോധന ഉത്തരവെന്നും കോടതി നിരീക്ഷിച്ചു.
ഹർജി തള്ളിയതോടെ ക്യാമ്പുകൾ ഒഴിപ്പിക്കുന്നതിനുള്ള നഗരത്തിന്റെ നടപടികൾക്ക് നിയമപരമായ തടസ്സം നീങ്ങി. ഹർജിക്കാർ ഇരുവരും നഗരസഭയ്ക്ക് 250 ഡോളർ വീതം കോടതി ചെലവായി നൽകണമെന്നും കോടതി ഉത്തരവിട്ടു. ആരോഗ്യ-സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം താമസക്കാർക്ക് ലഭ്യമായ സേവനങ്ങളുമായി ബന്ധിപ്പിക്കുന്നതിലാണ് നഗരത്തിന്റെ ശ്രദ്ധയെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ക്യാമ്പുകൾ എപ്പോൾ ഒഴിപ്പിക്കുമെന്ന് നഗരസഭ വ്യക്തമാക്കിയിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
‘Saskatoon Encampment Eviction Bid Rejected’




