കാനഡയിൽ പുതിയ ഫെഡറൽ മന്ത്രിസഭ പ്രഖ്യാപിക്കപ്പെടുകയും പുതിയ ഫെഡറൽ ഇമിഗ്രേഷൻ മന്ത്രി അധികാരത്തിൽ വരികയും ചെയ്തതോടെ സസ്‌കാച്ചെവാൻ ഇമിഗ്രേഷൻ മന്ത്രി ഇമിഗ്രേഷനുമായി ബന്ധപ്പെട്ട പുതിയ ചില കരാറുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതായി സൂചന. ഇമിഗ്രേഷൻ നമ്പറുകളെക്കുറിച്ചും സസ്‌കാച്ചെവൻ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാം (SINP) നെക്കുറിച്ചും പുതിയ മന്ത്രിയുമായി സംസാരിക്കാൻ പദ്ധതിയിടുന്നതായി സസ്‌കാച്ചെവൻ ഇമിഗ്രേഷൻ ആൻഡ് കരിയർ ട്രെയിനിംഗ് മന്ത്രി ജിം റീറ്റർ പറഞ്ഞു. കഴിഞ്ഞ വർഷം, കാനഡ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു , അതിന്റെ ഫലമായി, സസ്‌കാച്ചെവാന് സ്വന്തം പദ്ധതിയിലൂടെ കാനഡയിലേക്ക് കുടിയേറാൻ അനുവദിക്കാവുന്നവരുടെ എണ്ണം ഏകദേശം 3,600 ആയി കുറഞ്ഞിരുന്നു.
തൽഫലമായി, പ്രവിശ്യയിലുള്ള ചിലർക്ക് അവരുടെ പെർമിറ്റ് കാലഹരണപ്പെടുന്നതിന് മുമ്പ് കൂടുതൽ സ്ഥിരമായ ഒരു ട്രാക്കിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് ആശങ്കയുണ്ട്, അതിന്റെ ഫലമായി പലർക്കും പ്രവിശ്യ വിടേണ്ടതായി വരുന്നുണ്ട്. കഴിഞ്ഞ മാസം മാനിറ്റോബയിൽ പ്രഖ്യാപിച്ച കരാറിന് സമാനമായി, സസ്‌കാച്ചെവാനിലെ പെർമിറ്റുകൾ രണ്ട് വർഷത്തേക്ക് നീട്ടുന്നതിന് സമാനമായ ഒരു കരാർ ലഭിക്കാൻ താൻ ശ്രമിക്കുമെന്ന് റീറ്റർ പറഞ്ഞു. മാനിറ്റോബയിലെ പ്രഖ്യാപനം, ആ പ്രവിശ്യയിലെ ഇമിഗ്രേഷൻ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ സാധ്യതയുള്ളവർക്കും 2024 ൽ വർക്ക് പെർമിറ്റ് കാലഹരണപ്പെട്ടവർക്കും 2025 ൽ കാലാവധി കഴിഞ്ഞവർക്കും വേണ്ടിയുള്ളതായിരുന്നു. പുതുതായി വരുന്നവരും വർക്ക് പെർമിറ്റിലുള്ളവരും സസ്‌കാച്ചെവന്റെ സമ്പദ്‌വ്യവസ്ഥയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പ്രവിശ്യയുടെ വളർച്ച അവരെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.






