ക്യുബെക്ക്; ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്യുബെക്കിൽ അമേരിക്കൻ മദ്യക്കുപ്പികൾ വീണ്ടും നിരക്കുന്നു! കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും ഇതിന് പിന്നിലൊരു വലിയ കഥയുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കാനഡയും തമ്മിലുള്ള വ്യാപാര യുദ്ധത്തെത്തുടർന്ന് കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ക്യുബെക്കിലെ സർക്കാർ മദ്യ വിതരണ ഏജൻസിയായ SAQ അമേരിക്കൻ മദ്യങ്ങൾ കടകളിൽ നിന്നും പിൻവലിച്ചത്. എന്നാൽ ഇപ്പോൾ ഈ കുപ്പികൾ വീണ്ടും പുറത്തെടുക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുകയാണ്.
വെറുതെ വിൽക്കുകയല്ല, മറിച്ച് ഇതിലൂടെ കിട്ടുന്ന ലാഭം മുഴുവൻ വിശക്കുന്നവന്റെ വയറുനിറയ്ക്കാൻ ഉപയോഗിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2025 മാർച്ചിൽ പിൻവലിച്ച ഈ ഉൽപ്പന്നങ്ങൾ അധികകാലം സൂക്ഷിച്ചുവെച്ചാൽ കേടാകാൻ സാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് ഈ നീക്കം. 2027 മാർച്ചോടെ മിക്കവയുടെയും ഗുണനിലവാരം കുറഞ്ഞു തുടങ്ങും. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ (ഫെബ്രുവരി 12 മുതൽ) ഈ മദ്യങ്ങൾ 15 ശതമാനം ഡിസ്‌കൗണ്ടിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഏകദേശം 8.6 മില്യൺ ഡോളറോളം (ഏകദേശം 70 കോടിയിലധികം രൂപ) ഇതിലൂടെ സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ തുക മുഴുവനായി ക്യുബെക്കിലെ ഫുഡ് ബാങ്കുകൾക്ക് കൈമാറുമെന്ന് ധനമന്ത്രി എറിക് ഗിയാർഡ് വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ ഗതിയിൽ ഇത്തരം നടപടികൾ ഉണ്ടാകാറില്ലെങ്കിലും ഇതൊരു പ്രത്യേക സാഹചര്യമാണെന്നാണ് സർക്കാർ നിലപാട്. അമേരിക്കൻ മദ്യത്തിന് ഏർപ്പെടുത്തിയ നിരോധനം ഇപ്പോഴും തുടരുന്നുണ്ടെങ്കിലും, നിലവിലുള്ള സ്റ്റോക്ക് നശിച്ചുപോകാതെ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ മാറ്റിയെടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഒരേസമയം കാനഡയുടെ പ്രതിഷേധം അറിയിക്കുകയും അതോടൊപ്പം സ്വന്തം നാട്ടിലെ പാവപ്പെട്ടവരെ സഹായിക്കുകയും ചെയ്യുന്ന ഈ വേറിട്ട പരീക്ഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
/saq-to-sell-some-us-alcohol-products-before-they-go-bad-donate-proceeds-to-food-banks
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



