മൊബൈൽ ഫോണുകളുടെ പകരക്കാരനെ പ്രഖ്യാപിച്ച് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്തെ പ്രമുഖരായ ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്മാൻ. മൊബൈൽ ഫോൺ പോലെ വരുംഭാവിയിൽ നമ്മുടെ നിത്യജീവിതത്തിൻറെ ഭാഗമായി മാറിയേക്കാവുന്ന ഒരു എഐ ഉപകരണം വികസിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. മുൻ ആപ്പിൾ ഡിസൈൻ മേധാവി ജോണി ഐവുമായി ചേർന്നാണ് പുതിയ എഐ ഉപകരണത്തെ കുറിച്ച് അദ്ദേഹം ആലോചിക്കുന്നത്. ജനറേറ്റീവ് എഐ പോലുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി വരുന്ന ഉൽപന്നം രൂപത്തിലും പ്രവർത്തന രീതിയിലും നിലവിലെ സ്മാർട്ട്ഫോണോ സ്മാർട്ട് ഗ്ലാസോ പോലെ ആയിരിക്കില്ലെന്ന് ആൾട്ട്മാൻ സൂചിപ്പിക്കുന്നു.
ഓപ്പൺഎഐയിൽ ഒരു വർഷത്തിലേറെയായി പുതിയ എഐ അധിഷ്ഠിത ഹാർഡ്വെയർ ഉപകരണത്തിൻറെ ആലോചനകൾ പുരോഗമിക്കുകയാണ്. ഈ ഉപകരണത്തിൻറെ ഒരു പ്രോട്ടോടൈപ്പ് തയ്യാറാകാൻ തന്നെ നിരവധി വർഷങ്ങളെടുത്തേക്കാം എന്നതാണ് മറ്റൊരു യാഥാർഥ്യം. പരമ്പരാഗത സ്മാർട്ട്ഫോണുകളെ അപേക്ഷിച്ച് കൂടുതൽ ഉപയോക്തൃ സൗഹൃദമായ രീതിയിലായിരിക്കും ഇതിൻറെ നിർമാണം. അതിനാൽ തന്നെ ടൈപ്പിംഗ്, ടച്ച് ഇൻപുട്ടുകൾ എന്നിവയ്ക്ക് പകരം പുതിയ ഉപകരണം വോയ്സ് കമാൻഡുകളിലൂടെയാവും പ്രധാനമായും ഉപയോഗിക്കാനാവുക. ഇതുമൂലം ഈ ഉപകരണം അനായാസം വളരെ സാധാരണക്കാരായ യൂസർമാർക്ക് വരെ കൈകാര്യം ചെയ്യാനാകും എന്ന് പ്രതീക്ഷിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും നേരത്തെ മലയാളത്തിൽ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZNHc7C1qFv87PCTVnok4L



