ഒട്ടാവ; കാനഡയിലെ വിവിധ പ്രവിശ്യകളിൽ വിറ്റഴിച്ച പിസ്ത ഉൽപ്പന്നങ്ങൾ സാൽമൊണെല്ല ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) വീണ്ടും മുന്നറിയിപ്പ് നൽകി. രാജ്യത്ത് സമീപകാലത്ത് ഇത്തരത്തിലുള്ള തിരിച്ചുവിളിക്കൽ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഈ നടപടി. പൊതുജനാരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന ഈ സാഹചര്യത്തിൽ ഉടനടി കർശന നടപടികൾ സ്വീകരിക്കാൻ CFIA നിർദ്ദേശം നൽകിയിട്ടുണ്ട്. ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, ഒന്റാരിയോ, ക്യുബെക്ക്, ന്യൂ ബ്രൺസ്‌വിക്ക്, ന്യൂഫൗണ്ട്ലാൻഡ്, ലാബ്രഡോർ, സാസ്‌കച്ചെവാൻ എന്നീ ഒമ്പത് കനേഡിയൻ പ്രവിശ്യകളിലും ഓൺലൈൻ വഴിയുമാണ് തിരിച്ചുവിളിച്ച പിസ്ത ഉൽപ്പന്നങ്ങൾ വിറ്റഴിച്ചിട്ടുള്ളത്.
തിരിച്ചുവിളിച്ചവയുടെ വിപുലമായ പട്ടിക സർക്കാർ വെബ്സൈറ്റിൽ ലഭ്യമാണ്. പച്ച പിസ്ത പരിപ്പുകൾ, രുചികൂട്ടിയ പിസ്ത പരിപ്പുകൾ, പിസ്ത ചീസ് കേക്ക് എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങളാണ് പട്ടികയിൽ പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത്. ഈ മുന്നറിയിപ്പ് നവംബർ 12 മുതൽ പുറപ്പെടുവിച്ച മുൻ നോട്ടീസുകളുമായി ബന്ധമുള്ളതാണ്.
തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കൈവശം വെച്ചുള്ള ഉപഭോക്താക്കൾക്ക് CFIA കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. “തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കഴിക്കുകയോ, വിളമ്പുകയോ, വിതരണം ചെയ്യുകയോ, വിൽക്കുകയോ ചെയ്യരുത്” എന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം ഉൽപ്പന്നങ്ങൾ ഉടൻ തന്നെ വലിച്ചെറിയുകയോ അല്ലെങ്കിൽ വാങ്ങിയ സ്ഥാപനത്തിൽ തിരികെ നൽകുകയോ ചെയ്യണം. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കഴിച്ചതിലൂടെ രോഗം ബാധിച്ചതായി സംശയം തോന്നുന്നവർ ഉടൻ തന്നെ ആരോഗ്യ പരിപാലകരെ ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.
സാൽമൊണെല്ല ബാധിച്ച ഉൽപ്പന്നങ്ങൾക്ക് സാധാരണയായി കേടുപാടുകൾ സംഭവിച്ചതായോ ദുർഗന്ധം ഉള്ളതായോ തോന്നണമെന്നില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. എങ്കിലും ഇത് ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകും. കൊച്ചുകുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ഇത് ഗുരുതരമായ രോഗങ്ങൾക്കോ മരണം തന്നെയോ സംഭവിക്കാൻ സാധ്യതയുണ്ട്. സാധാരണ ആരോഗ്യമുള്ളവരിൽ പനി, തലവേദന, ഛർദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയ ഹ്രസ്വകാല ലക്ഷണങ്ങളാണ് കാണപ്പെടുന്നത്.
കാനഡയിലെ ഭക്ഷ്യസുരക്ഷാ രംഗത്ത് ഈ വിഷയം വലിയ ആശങ്കയാണ് ഉയർത്തുന്നത്. ജൂലൈ 25 മുതൽ ഡസൻ കണക്കിന് പിസ്ത ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ, കഴിഞ്ഞ ഒക്ടോബർ 21 വരെ 100-ൽ അധികം ആളുകൾക്ക് സാൽമൊണെല്ല ബാധിച്ചതായി റിപ്പോർട്ടുണ്ട്. മാത്രമല്ല, സന്ധിവാതം (Severe arthritis) പോലുള്ള ദീർഘകാല സങ്കീർണ്ണതകൾക്കും സാൽമൊണെല്ല ബാധ കാരണമായേക്കാം എന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നു. സുരക്ഷിതമായ ഭക്ഷ്യശീലങ്ങൾ പാലിക്കണമെന്ന് CFIA പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Salmonella threat in pistachio products!; CFIA warns; Alert issued in nine provinces






