ഒട്ടാവ: കാനഡയിൽ കുട്ടികൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, സ്ട്രോളറുകൾ, മിഠായികൾ എന്നിവയടങ്ങുന്ന വിവിധ ഉൽപ്പന്നങ്ങൾക്ക് കാനഡ ഹെൽത്ത് മന്ത്രാലയവും കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയും അടിയന്തര സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തീപിടിത്ത സാധ്യത, ഉൽപ്പന്നങ്ങളിൽ ലോഹഭാഗങ്ങൾ കണ്ടെത്തൽ, അപകടസാധ്യതകൾ എന്നിവ മുൻനിർത്തിയാണ് വിവിധ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് അടിയന്തിരമായി തിരിച്ചുവിളിക്കാൻ (Product Recall) അധികൃതർ ഉത്തരവിട്ടതായി റിപ്പോർട്ട്. നിലവിൽ ഈ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതുമൂലം രാജ്യത്ത് ആർക്കും പരിക്കുകളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിർദ്ദേശം.
കുട്ടികൾക്കായി വിപണിയിലെത്തിച്ച ‘പിപ് ആൻഡ് ഫീ’ (Pip + Phee), ‘ബാംബി ആൻഡ് ബേർഡി’ (Bambi & Birdie Kids LTD) എന്നീ പ്രമുഖ ബ്രാൻഡുകളുടെ ഉറക്കവസ്ത്രങ്ങളാണ് (Sleepwear) തീപിടിത്ത സാധ്യതയെത്തുടർന്ന് വിപണിയിൽ നിന്ന് പിൻവലിക്കുന്നത്. ഇതിൽ ‘പിപ് ആൻഡ് ഫീ’ ബ്രാൻഡിന്റെ ‘ഡസ്ക്’, ‘അലാസ്കൻ’ മോഡലുകളിലെ 12 മുതൽ 18 മാസം വരെ പ്രായമുള്ള കുട്ടികളുടെ വസ്ത്രങ്ങളും, ‘ബാംബി ആൻഡ് ബേർഡി’ ബ്രാൻഡിന്റെ കറുത്ത ഹൃദയാകൃതിയിലുള്ള ഡിസൈനുകളുള്ള വൈറ്റ് സ്ലീപ് സാക്കുകളുമാണ് പട്ടികയിലുള്ളത്. വസ്ത്രങ്ങൾ നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും മെഴുകുതിരി, തീപ്പെട്ടി, അടുപ്പ് എന്നിവയിൽ നിന്നുള്ള ചെറിയ തീപ്പൊരികൾ പോലും ഇവയിലേക്ക് പടർന്നാൽ വസ്ത്രങ്ങൾ വേഗത്തിൽ കത്തിയമരാൻ കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നതായാണ്റിപ്പോർട്ട്.
ചൈനയിൽ നിർമ്മിച്ച് 2025 ഓഗസ്റ്റിനും 2026 മേയ്ക്കുമിടയിൽ വിപണിയിലെത്തിയ ഈ വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്നും, പകരം ഉൽപ്പന്നങ്ങൾക്കായി കമ്പനികളുമായി ബന്ധപ്പെടണമെന്നും ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഭക്ഷണസാധനങ്ങളിൽ മാരകമായ ലോഹഭാഗങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ജനപ്രിയ മിഠായി ബ്രാൻഡായ ‘ഫ്രീസ് യംസ്’ (FreezYums! Freeze Dried Candy – Sour Key Gummy) വിപണിയിൽ നിന്ന് പിൻവലിക്കാൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി ഉത്തരവിട്ടു. 63 ഗ്രാം പാക്കറ്റുകളിൽ ലഭ്യമായിരുന്ന മിഠായിയിലാണ് ശരീരത്തിന് ഹാനികരമായേക്കാവുന്ന ലോഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
കുട്ടികൾ ഇത് കഴിക്കുന്നത് വലിയ ആന്തരിക പരിക്കുകൾക്ക് കാരണമായേക്കാമെന്നതിനാൽ ഇവയുടെ വിതരണവും വിൽപ്പനയും പൂർണ്ണമായി തടഞ്ഞിട്ടുണ്ട്. ഒസിരിസ് ഇൻകോർപ്പറേഷൻ (Osiris Inc) മെയ് 11-നാണ് ഈ തിരിച്ചുവിളിക്കൽ നോട്ടീസ് പുറപ്പെടുവിച്ചത്. ഓൺലൈൻ വ്യാപാര ശൃംഖലയായ അലിഎക്സ്പ്രസ് (AliExpress) വഴി വിറ്റഴിച്ച ‘ബെലിക്കൂ 3 ഇൻ 1 ബേബി സ്ട്രോളർ കാർ സീറ്റും’ (Belecoo 3-in-1 baby stroller car seat) ഗുരുതര സുരക്ഷാവീഴ്ചയെത്തുടർന്ന് നിരോധിച്ചു.
ട്രാൻസ്പോർട്ട് കാനഡയുടെ ദേശീയ സുരക്ഷാ മുദ്രയോ സാക്ഷ്യപത്രമോ ഇല്ലാതെയാണ് ഈ ഉൽപ്പന്നം വിപണിയിലെത്തിയത്. വാഹനാപകടങ്ങൾ ഉണ്ടാകുന്ന സമയങ്ങളിൽ കുഞ്ഞുങ്ങൾക്ക് മതിയായ സുരക്ഷ നൽകാൻ ഈ സീറ്റുകൾക്ക് കഴിയില്ലെന്നും, പ്രവിശ്യാ നിയമപ്രകാരം ഇവ വാഹനങ്ങളിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും കാനഡ ഹെൽത്ത് വ്യക്തമാക്കി. ഇതിനെത്തുടർന്ന് അലിഎക്സ്പ്രസ് വെബ്സൈറ്റിൽ നിന്നും ഈ ഉൽപ്പന്നം നീക്കം ചെയ്തു.
ഈ വർഷം ആദ്യത്തിൽ ആമസോൺ വഴി വിറ്റഴിച്ച ചില ഇൻഫന്റ് ഫീഡിംഗ് ഉപകരണങ്ങളും സുരക്ഷാ കാരണങ്ങളാൽ കാനഡ വിലക്കിയിരുന്നു. സുരക്ഷാ ഭീഷണിയുള്ള ഉൽപ്പന്നങ്ങൾ ആർക്കെങ്കിലും കൈമാറുകയോ പുനർവിൽപ്പന നടത്തുകയോ ചെയ്യുന്നത് കാനഡ കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി ആക്ട് പ്രകാരം കുറ്റകരമാണെന്നും മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.
Safety threat in children's clothing and candy; Report: Major brands are recalling products in Canada
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt









