കുർസ്ക് മേഖലയിൽ യുക്രെയ്ൻ സൈനികർക്ക് നേരെ റഷ്യയുടെ ഗ്യാസ് പൈപ്പ്ലൈൻ ആക്രമണം. 2024 ഓഗസ്റ്റിൽ യുക്രെയ്ൻ പിടിച്ചെടുത്ത കുർസ്ക് പ്രദേശം തിരിച്ചുപിടിക്കാനുള്ള നിരന്തര ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ ആക്രമണം.
സുദ്സാ പ്രദേശത്തിനടുത്തുള്ള 1.5 മീറ്റർ വീതിയുള്ള ഗ്യാസ് പൈപ്പിനുള്ളിലൂടെ 16 കിലോമീറ്റർ ഇഴഞ്ഞുനീങ്ങിയാണ് റഷ്യൻ സൈനികർ യുക്രെയ്ൻ സേനയ്ക്ക് പിന്നിലെത്തി അവരെ ആക്രമിച്ചത്. എന്നാൽ, യുക്രെയ്ൻ സേന ഈ നുഴഞ്ഞുകയറ്റം കണ്ടെത്തുകയും റോക്കറ്റുകൾ, ഡ്രോണുകൾ, പീരങ്കികൾഎന്നിവ ഉപയോഗിച്ച് പ്രത്യാക്രമണം നടത്തുകയും ആക്രമണം തടയുകയും ചെയ്തു.
കുർസ്കിലും അയൽ പ്രദേശമായ സുമിയിലും നിരവധി ഗ്രാമങ്ങൾ തിരിച്ചുപിടിച്ചതായി റഷ്യ അവകാശപ്പെടുന്നു. റഷ്യൻ അനുകൂല ബ്ലോഗർമാരും ഉദ്യോഗസ്ഥരും പൈപ്പ്ലൈനിനുള്ളിലെ സൈനികരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പ്രദേശത്ത് 15 റഷ്യൻ ആക്രമണങ്ങൾ തടഞ്ഞതായും ഇപ്പോഴും സംഘർഷങ്ങൾ തുടരുന്നതായും യുക്രെയ്ൻ സൈന്യം റിപ്പോർട്ട് ചെയ്യുന്നു.



