യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ചാംപ്യൻഷിപ്പ് നേടിയതിന് പിന്നാലെ പ്രതികരണവുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗ് ഫുട്ബോൾ ക്ലബ് അൽ നസറിനൊപ്പം താൻ തുടരുമെന്ന് താരം സ്ഥിരീകരിച്ചു. ഈ മാസം 30ന് അൽ നസറുമായുള്ള കരാർ അവസാനിക്കാനിരിക്കെ റൊണാൾഡോയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് താരം ക്ലബ് വിടുന്നുവെന്ന സൂചന നൽകിയിരുന്നു. ‘ഈ അധ്യായം അവസാനിക്കുന്നു. എന്നാൽ ഈ കഥ എഴുതുന്നത് തുടർന്നുകൊണ്ടിരിക്കും. എല്ലാവർക്കും നന്ദി’ അൽ നസറിന്റെ ജഴ്സിയണിഞ്ഞ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ റൊണാൾഡോ ഇങ്ങനെയായിരുന്നു എഴുതിയത്. സൗദിയിലെ തന്നെ അൽ ഹിലാൽ, ആദ്യ ക്ലബ് സ്‌പോർട്ടിങ് എന്നിവിടങ്ങളിൽ നിന്നെല്ലാം റൊണാൾഡോയ്ക്ക് ഓഫറുമുണ്ടായിരുന്നു. എന്നാൽ 2026ലെ ലോകകപ്പ് വരെ അൽ നസറിൽ തന്നെ തുടരാനാണ് റൊണാൾഡോയുടെ തീരുമാനം.
2022ലാണ് റൊണാൾഡോ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് സൗദി പ്രോ ലീഗിലേക്കെത്തുന്നത്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സാലറി നൽകിയാണ് അൽ നസർ താരത്തെ സ്വന്തമാക്കിയത്. 200 മില്യൺ യൂറോ ആയിരുന്നു റൊണാൾഡോയുടെ ഒരു വർഷത്തെ വരുമാനം. സൗദി പ്രോ ലീഗ് 2023-24 സീസണിൽ അൽ നസറിനെ രണ്ടാം സ്ഥാനത്തെത്തിക്കാൻ റൊണാൾഡോയ്ക്ക് കഴിഞ്ഞു. 34 മത്സരങ്ങളിൽ നിന്ന് 82 പോയിന്റ് നേടിയാണ് അൽ നസർ രണ്ടാം സ്ഥാനത്തെത്തിയത്. ഈ സീസണിൽ 34 മത്സരങ്ങളിൽ നിന്ന് 70 പോയിന്റ് നേടിയ അൽ നസർ സൗദി പ്രോ ലീഗിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.






