ലണ്ടൻ: വർധിച്ചുവരുന്ന ജീവിതച്ചെലവും തൊഴിലില്ലായ്മയും മൂലം മികച്ച ഭാവി തേടി യുകെയിലെ യുവാക്കൾ കൂട്ടത്തോടെ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നതായി റിപ്പോർട്ട്. ബ്രിട്ടനിലെ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ജൂൺ വരെയുള്ള ഒരു വർഷത്തിനിടെ 35 വയസ്സിന് താഴെയുള്ള 1.95 ലക്ഷം പേരാണ് രാജ്യം വിട്ടത്.
ഉയർന്ന വാടക, നികുതി ഭാരം, കുറഞ്ഞ തൊഴിലവസരങ്ങൾ എന്നിവയാണ് യുവാക്കളെ ഈ തീരുമാനത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ. ഗ്രാജുവേറ്റ് തസ്തികകളിലെ കുറവും സാമ്പത്തിക അനിശ്ചിതത്വവും കാരണം സ്വന്തം നാട്ടിൽ മികച്ച നിലയിൽ ജീവിക്കാൻ പ്രയാസമാണെന്ന് കുടിയേറിയവർ സാക്ഷ്യപ്പെടുത്തുന്നു. ആസ്‌ട്രേലിയ, സൗത്ത് കൊറിയ, ഹോങ്കോങ്, ജപ്പാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമായും യുവാക്കൾ തിരഞ്ഞെടുക്കുന്നത്.
ജപ്പാനിലെ ടോക്കിയോയിലേക്ക് കുടിയേറിയ കേംബ്രിഡ്ജ് സർവകലാശാലാ ബിരുദധാരിയായ റേ അംജദ് (25) പറയുന്നത്, യുകെയെ അപേക്ഷിച്ച് സുരക്ഷിതത്വവും കുറഞ്ഞ ജീവിതച്ചെലവുമാണ് അവിടെയുള്ളതെന്നാണ്. ലണ്ടനിലെ വാടകയുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നിലൊന്ന് ചിലവിൽ ടോക്കിയോയിൽ താമസസൗകര്യം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശത്ത് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള എളുപ്പവും നികുതി ഇളവുകളും യുവാക്കളെ ആകർഷിക്കുന്നുണ്ട്.
ദുബായ് പോലുള്ള നഗരങ്ങൾ നികുതിയില്ലാത്ത ശമ്പളവും മികച്ച ബിസിനസ് അന്തരീക്ഷവും വാഗ്ദാനം ചെയ്യുന്നത് സംരംഭകർക്ക് വലിയ സഹായമാകുന്നു. വാട്ട്‌ഫോർഡിൽ നിന്ന് ദുബായിലേക്ക് ബിസിനസ് മാറ്റുന്ന ഇസബെൽ പേൾ (30) എന്ന യുവതിയുടെ അഭിപ്രായത്തിൽ, യുകെയിലെ സാമ്പത്തിക തടസ്സങ്ങളില്ലാതെ ബിസിനസ് വളർത്താൻ ദുബായിലെ ‘ഗോൾഡൻ വിസ’ പോലുള്ള സംവിധാനങ്ങൾ വലിയ അവസരമാണ് നൽകുന്നത്.
ബ്രിട്ടനിലെ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള നിഷേധാത്മകമായ കാഴ്ചപ്പാടുകൾ യുവാക്കളെ വിദേശത്തേക്ക് മാറാൻ പ്രേരിപ്പിക്കുന്നതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. മുൻപ് ആദ്യ വീട് വാങ്ങാനായിരുന്നു മാതാപിതാക്കൾ മക്കളെ സഹായിച്ചിരുന്നതെങ്കിൽ, ഇപ്പോൾ വിദേശത്തേക്ക് കുടിയേറാനുള്ള സാമ്പത്തിക സഹായമാണ് നൽകുന്നതെന്ന് ഇവി ലിൻ പാർട്ണേഴ്സിലെ ഡേവിഡ് ലിറ്റിൽ ചൂണ്ടിക്കാട്ടി.
അതേസമയം, രാജ്യത്തെ സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വർക്ക് ആൻഡ് പെൻഷൻ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകർക്ക് സഹായകരമായ രീതിയിൽ കോർപ്പറേറ്റ് നികുതി നിജപ്പെടുത്തുന്നതിനും സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Rising cost of living; British youth migrate abroad
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



