പ്രമേഹരോഗികളായ ആളുകളിൽ വൃക്കകളുടെ പ്രവർത്തനം സംരക്ഷിക്കുന്നതിനായി ഒസെമ്പിക്ക് ഉപയോഗിക്കാൻ ഹെൽത്ത് കാനഡ അനുമതി നൽകി. ടൈപ്പ് 2 പ്രമേഹമുള്ള രോഗികളിൽ വൃക്കകളുടെ പ്രവർത്തനം മന്ദഗതിയിലാകുന്നത് തടയാൻ മരുന്ന് സഹായിക്കുമെന്ന് ഹെൽത്ത് കാനഡ വ്യക്തമാക്കി. പ്രമേഹമുള്ളവരിൽ 30 മുതൽ 50 ശതമാനം വരെ ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള വൃക്കരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
പുതിയ മരുന്ന് ടൈപ്പ് 2 പ്രമേഹമുള്ള രോഗികളിൽ വൃക്കരോഗം വരുന്നത് തടയാൻ സഹായിക്കുമെന്ന് ടൊറന്റോ ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർ ഡേവിഡ് ചെർണി അഭിപ്രായപ്പെട്ടു. ഫ്ലോ (FLOW) എന്ന് പേരിട്ട ക്ലിനിക്കൽ ട്രയലിൽ, മരുന്ന് ഉപയോഗിച്ചവരിൽ വൃക്കരോഗം, വൃക്ക മാറ്റിവയ്ക്കൽ അല്ലെങ്കിൽ ഡയാലിസിസ് എന്നിവയ്ക്കുള്ള സാധ്യത 24% കുറഞ്ഞതായി കണ്ടെത്തി. കൂടാതെ, ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണനിരക്കും കുറഞ്ഞു. നോവോ നോർഡിസ്ക് എന്ന കമ്പനിയാണ് ഈ മരുന്ന് നിർമ്മിക്കുന്നത്.
ഒസെമ്പിക് പ്രമേഹത്തിന് മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കാം. എന്നിരുന്നാലും, മരുന്ന് ഉപയോഗിക്കുന്ന ചില ആളുകളിൽ വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിയ ചെറിയ പാർശ്വഫലങ്ങൾ കണ്ടേക്കാം. ചില ആളുകളിൽ പിത്തസഞ്ചി വീക്കം, പാൻക്രിയാറ്റിസ് തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളും ഉണ്ടാകാം. എങ്കിലും വൃക്കരോഗം തടയുന്നതിനുള്ള ഈ മരുന്നിന്റെ ഗുണം ചെറിയ പാർശ്വഫലങ്ങളെക്കാൾ കൂടുതലാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
അതിവേഗം പടരുന്ന ജീവിതശൈലി രോഗമായ പ്രമേഹം നിയന്ത്രിക്കുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതും ഹൃദയസംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതും വളരെ പ്രധാനമാണ്. പുതിയ മരുന്നായ ഒസെമ്പിക്ക് വൃക്ക സംരക്ഷിക്കുന്നതിനോടൊപ്പം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നത് ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ആശ്വാസകരമാണെന്ന് ഡോക്ടർമാർ പറയുന്നു. എന്നിരുന്നാലും, മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
Relief for diabetics: Ozempic to fight kidney disease: Health Canada approves new treatment



