വാഷിങ്ടൺ : ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ താൽക്കാലികമായി റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. വിഷയത്തിൽ അടിയന്തരമായി ഇരുരാജ്യങ്ങളും തമ്മിൽ ഒരു ധാരണയിലെത്തുകയാണെങ്കിൽ മാത്രമേ ഈ തീരുമാനം നിലനിൽക്കൂവെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിർണായക പ്രഖ്യാപനം നടത്തിയത്. ആക്രമണം നിർത്തിവെക്കുന്ന തീരുമാനത്തിൽ ഇസ്രായേലും പങ്കാളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളും നൽകിയ അഭ്യർത്ഥന മാനിച്ചാണ് ആക്രമണ നീക്കത്തിൽ നിന്ന് താൽക്കാലികമായി പിൻവാങ്ങുന്നതെന്നാണ് ട്രംപിന്റെ വിശദീകരണം. മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ ഒരു കരാറിന്റെ അടിസ്ഥാന രൂപരേഖയിൽ ധാരണയായതായും ട്രംപ് അവകാശപ്പെട്ടു. സാമ്പത്തിക ഉപരോധവും ആക്രമണ ഭീഷണിയും നിലനിൽക്കുന്നതിനിടെ പശ്ചിമേഷ്യയിൽ ആശ്വാസം നൽകുന്നതാണ് യുഎസിന്റെ നിലപാട് മാറ്റം.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉടനടി പൂർണ്ണമായും ഗതാഗതത്തിനായി തുറന്നുകൊടുക്കുക, ഇറാന്റെ ആണവ ഭീഷണി പൂർണ്ണമായും അവസാനിപ്പിക്കുക എന്നിവയാണ് തയ്യാറാകുന്ന കരാറിലെ പ്രധാന നിബന്ധനകൾ. അതേസമയം, ട്രംപിന്റെ ഈ പ്രഖ്യാപനത്തോട് ഇറാന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. നേരത്തെ അമേരിക്കയുമായി സഹകരിക്കുന്ന മേഖലയിലെ രാജ്യങ്ങൾ യുദ്ധത്തിൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ താക്കീത് നൽകിയിരുന്നു.
യുഎസും ഇസ്രായേലും ചേർന്ന് ഇറാന്റെ ഊർജ്ജ നിലയങ്ങളും പ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ട് അതിശക്തമായ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നു എന്ന വാർത്തകൾക്കിടെയാണ് പുതിയ നീക്കം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ സൈനിക ശക്തിയോടെ ആക്രമണം നടത്താൻ അമേരിക്ക സജ്ജമായിരുന്നെന്നും, എന്നാൽ നയതന്ത്ര ചർച്ചകൾക്ക് അവസരം നൽകാനാണ് താൽക്കാലികമായി ഇത് മാറ്റിവെച്ചതെന്നും ട്രംപ് പറഞ്ഞു. മേഖലയിൽ യുദ്ധ ഭീഷണി ഉയർന്നതോടെ യുഎസ് പൗരന്മാരോട് തിരികെ പോരാൻ മുൻപ് നിർദേശം നൽകിയിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ ജൂണിൽ തകർന്നതോടെയാണ് അമേരിക്കയും ഇറാനും തമ്മിൽ ആക്രമണങ്ങൾ ശക്തമായത്. ഓഗസ്റ്റ് ആദ്യം യുഎസ് സേനയ്ക്ക് നേരെ നടന്ന മിസൈലാക്രമണത്തിന് മറുപടിയായി യുഎസ് കനത്ത തിരിച്ചടി നൽകിയിരുന്നു. ഫെബ്രുവരിയിൽ തുടങ്ങിയ ആക്രമണ പരമ്പര അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വിലയെ വലിയ തോതിൽ ബാധിക്കുകയും ചെയ്തിരുന്നു.
Relief after fear of war! Trump to call off attack on Iran
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




