റെജീന: റെജീനയിലെ മുസ്ലിം ആരാധനാലയങ്ങൾക്ക് നേരെ തുടർച്ചയായി ഭീഷണികൾ ഉയർന്ന സാഹചര്യത്തിൽ സുരക്ഷ കർശനമാക്കാൻ റെജീന പോലീസ് തീരുമാനിച്ചു. കഴിഞ്ഞ ആഴ്ച നഗരമധ്യത്തിലെ റെജീന സിറ്റി ജാമിയ മസ്ജിദിൽ ആദ്യമായി സ്പീക്കറിലൂടെ ബാങ്ക് വിളി അഥവാ അദാൻ മുഴക്കിയതിന് പിന്നാലെയാണ് മസ്ജിദ് അധികൃതർക്ക് നേരെ ഇമെയിൽ, സോഷ്യൽ മീഡിയ, ഫോൺ കോളുകൾ എന്നിവയിലൂടെ ഭീഷണികൾ ഉണ്ടായത്.
എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅ നമസ്‌കാരത്തിന് മുന്നോടിയായി ബാങ്ക് വിളി തുടരാനാണ് മസ്ജിദ് അധികൃതരുടെ തീരുമാനം. ക്രൈസ്തവ ദേവാലയങ്ങളിലെ മണി മുഴക്കുന്നത് പോലെ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണിതെന്നും ആരെയും ശല്യപ്പെടുത്താൻ ഉദ്ദേശിച്ചല്ല ഇതെന്നും അൽ-ബാഖി ഫൗണ്ടേഷൻ ഡയറക്ടർ എം. അനിസുർ റഹ്മാൻ വ്യക്തമാക്കി. തങ്ങളുടെ ഭാഗത്ത് തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ അത് ചർച്ചയിലൂടെ പരിഹരിക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
ഉയർന്നുവന്ന ഭീഷണികൾ അതീവ ഗൗരവമായി കാണുന്നുണ്ടെന്നും കൂടുതൽ പരിശോധനകൾ നടന്നു വരികയാണെന്നും റെജീന പോലീസ് മേധാവി ലോറിലി ഡേവിസ് വ്യക്തമാക്കി. കാനഡ സർക്കാർ അടുത്തിടെ പാസാക്കിയ പുതിയ വിദ്വേഷ വിരുദ്ധ നിയമം ജൂലൈ 18-ന് നിലവിൽ വരുന്നത് ഇത്തരം സംഭവങ്ങളിൽ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ സഹായിക്കും. വിദ്യാഭ്യാസവും പരസ്പരമുള്ള അവബോധവുമാണ് ഇത്തരം വിദ്വേഷങ്ങളെ നേരിടാനുള്ള മികച്ച മാർഗമെന്ന് ഒന്റാറിയോ ടെക് സർവകലാശാലയിലെ വിദഗ്ധനായ ബ്രാഡ് ഗാലോവേ അഭിപ്രായപ്പെട്ടു. നിലവിൽ പോലീസ് നൽകിയ അനുമതി പ്രകാരം ജൂലൈ 10 വരെ മസ്ജിദിന് സ്പീക്കർ ഉപയോഗിച്ച് ബാങ്ക് വിളി തുടരാം.
Regina police stepping up patrols around Muslim gathering places this week
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






