കാനഡയിൽ ഈസ്റ്റർ നീണ്ട വാരാന്ത്യത്തിൽ നാല് ദിവസം നടന്ന മുൻകൂർ വോട്ടെടുപ്പിൽ റെക്കോഡ് വോട്ട് രേഖപ്പെടുത്തി.ഏപ്രിൽ 18 മുതൽ 21 വരെ നടന്ന മുൻകൂർ വോട്ടെടുപ്പിൽ 7.3 ദശലക്ഷം ആളുകൾ വോട്ട് രേഖപ്പെടുത്തിയതായി ഇലക്ഷൻസ് കാനഡ വ്യക്തമാക്കി. 2021 ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ മുൻകൂർ വോട്ടെടുപ്പിൽ 5.8 ദശലക്ഷം വോട്ടുകൾ രേഖപ്പെടുത്തിയതായിരുന്നു മുൻകൂർ വോട്ടെടുപ്പിൽ വോട്ടർമാരുടെ റെക്കോഡ്. ഈ റെക്കോഡാണ് ഇതോടെ തകർന്നത്.
ദുഃഖ വെള്ളി ദിവസം മുൻകൂർ വോട്ടെടുപ്പിന്റെ ആദ്യ ദിവസം, ഒട്ടാവയിലും കാനഡയിലുടനീളമുള്ള ചില പോളിംഗ് സ്റ്റേഷനുകളിൽ നീണ്ട ക്യൂവായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച വോട്ട് രേഖപ്പെടുത്താൻ രണ്ട് മണിക്കൂർ വരെ കാത്തിരുന്നതായി ഒട്ടാവയിലെ ചില ആളുകൾ പറഞ്ഞു. അഡ്വാൻസ് പോളിന്റെ ആദ്യ ദിവസം രണ്ട് ദശലക്ഷം വോട്ടുകൾ രേഖപ്പെടുത്തി. നിരവധി ആളുകൾ ഇത്തരത്തിൽ വോട്ട് ചെയ്യാൻ എത്തുന്നതോടെ അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി ചില പോളിംഗ് സ്റ്റേഷനുകളിൽ മാറ്റങ്ങൾ വരുത്താൻ ഇലക്ഷൻസ് കാനഡ നടപടി തുടങ്ങി.
7.3 ദശലക്ഷം വോട്ടുകൾ രേഖപ്പെടുത്തിയത് ഒരു പ്രാഥമിക കണക്കാണെന്ന് സ്വതന്ത്ര ഏജൻസി പറയുന്നു, കാരണം ചില വോട്ടെടുപ്പുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലായിരിക്കാം എന്നാണ് കരുതുന്നത്. എല്ലാ ഇലക്ട്രൽ ജില്ലകളിലേക്കും നടന്ന മുൻകൂർ പോളിൽ വോട്ട് ചെയ്ത വോട്ടർമാരുടെ ഏകദേശ എണ്ണത്തിന്റെ വിശകലന വിവരങ്ങൾ ഉടൻ പുറത്തുവിടും. തിരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് രാജ്യത്തുടനീളമുള്ള ഏത് ഇലക്ഷൻസ് കാനഡ ഓഫീസിലും വോട്ടർമാർക്ക് നേരിട്ട് വോട്ട് ചെയ്യാൻ കഴിയുന്ന അവസാന ദിവസം ചൊവ്വാഴ്ചയാണ്.
ഏപ്രിൽ 28 തിങ്കളാഴ്ച, തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷനുകൾ തുറന്നിരിക്കുന്ന സമയം താഴെ പരിശോധിക്കാം
Newfoundland Time: 8:30 a.m. to 8:30 p.m.
Atlantic Time: 8:30 a.m. to 8:30 p.m.
Eastern Time: 9:30 a.m. to 9:30 p.m.
Central Time: 8:30 a.m. to 8:30 p.m.
Mountain Time: 7:30 a.m. to 7:30 p.m.
Saskatchewan Time: 7:30 a.m. to 7:30 p.m
Pacific Time: 7 a.m. to 7 p.m.
ഇലക്ഷൻസ് കാനഡ പ്രകാരം, 2021 ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ 17.2 ദശലക്ഷം ആളുകൾ വോട്ട് രേഖപ്പെടുത്തി. 2021 ൽ വോട്ടർമാരുടെ എണ്ണം 62.6 ശതമാനമായിരുന്നു, 2019 ലെ 67 ശതമാനത്തിൽ നിന്ന് ഇത് കുറഞ്ഞു.


