ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ. ക്വാളിഫയർ-1ൽ കരുത്തരായ പഞ്ചാബ് കിംഗ്സിനെ തകർത്തെറിഞ്ഞാണ് ആർസിബി കലാശപ്പോരിന് യോഗ്യത നേടിയത്. 102 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 10 ഓവറുകൾ ബാക്കി നിർത്തി വിജയം പിടിച്ചടക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ ഫിൽ സാൾട്ടിന്റെ (56*) വെടിക്കെട്ട് ബാറ്റിംഗാണ് ആർസിബിയ്ക്ക് ഫൈനലിലേയ്ക്ക് വഴിയൊരുക്കിയത്. തോറ്റെങ്കിലും ഫൈനൽ യോഗ്യത ഉറപ്പാക്കാൻ പഞ്ചാബിന് ഒരു അവസരം കൂടി ലഭിക്കും. വെള്ളിയാഴ്ച നടക്കുന്ന മുംബൈ ഇന്ത്യൻസ്– ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തിലെ വിജയികളിലെ രണ്ടാം ക്വാളിഫയറിൽ തോൽപിച്ചാൽ പഞ്ചാബിന് കലാശപ്പോരിലേക്ക് കടക്കാം
9 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആർസിബി ഐപിഎൽ ഫൈനലിലെത്തുന്നത്. ഐപിഎല്ലിൽ ആർസിബിയുടെ നാലാം ഫൈനലാണിത്. 2009,2011, 2016 സീസണുകളിൽ ഫൈനലിലെത്തിയിട്ടുള്ള ആർസിബിക്ക് മൂന്നു വട്ടവും കിരീടം നഷ്ടമായിരുന്നു. സൂപ്പർ താരം വിരാട് കോലി ഐപിഎൽ ട്രോഫി നേടുന്നതു കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഇന്നത്തെ മത്സരത്തിൽ 27 പന്തുകൾ നേരിട്ട ഫിൽ സോൾട്ട് 56 റൺസെടുത്തു പുറത്താകാതെനിന്നു. വിരാട് കോലി (12 പന്തിൽ 12), മയങ്ക് അഗർവാൾ (13 പന്തിൽ 19), രജത് പാട്ടീദാർ (എട്ടു പന്തിൽ 15) എന്നിങ്ങനെയാണു മറ്റു ബാറ്റർമാരുടെ സ്കോറുകൾ.മറുപടി ബാറ്റിങ്ങിൽ അനായാസമായിരുന്നു ആർസിബിയുടെ ബാറ്റിങ്. സ്കോർ 30 ൽ നിൽക്കെ വിരാട് കോലിയുടെ നഷ്ടമായെങ്കിലും ടീം പതറിയില്ല. പവർപ്ലേയിൽ ടീം നേടിയത് 61 റൺസ്. ഫിൽ സോൾട്ട് അർധ സെഞ്ചറി നേടി പുറത്താകാതെ നിന്നതോടെ 10 ഓവറിൽ ആർസിബി വിജയ റൺസ് കുറിച്ചു. മുഷീർ ഖാന്റെ പത്താം ഓവറിലെ അവസാന പന്തിൽ സിക്സർ തൂക്കി രജത് പാട്ടീദാറാണ് ആർസിബിക്കായി വിജയ റൺസ് കുറിച്ചത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സ് 14.1 ഓവറിൽ 101 റൺസെടുത്തു പുറത്തായി. 17 പന്തിൽ 26 റൺസടിച്ച മാർകസ് സ്റ്റോയ്നിസാണ് പഞ്ചാബ് കിങ്സിന്റെ ടോപ് സ്കോറർ.






