തെന്നിന്ത്യൻ സിനിമയിലിപ്പോൾ റീ റിലീസുകളുടെ കാലമാണ്. നിരവധി സിനിമകളാണ് റീ റിലീസിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. മലയാളത്തിൽ മോഹൻലാൽ ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ റീ റിലീസിലൂടെ ആരാധകരിലേക്ക് എത്തുന്നത്. ഛോട്ടാ മുംബൈ, സ്ഫടികം, ദേവദൂതൻ തുടങ്ങിയ സിനിമകൾ രണ്ടാം വരവിലും തിയേറ്ററിൽ ആഘോഷമായിരുന്നു. ഇതിന് പിന്നാലെയാണ് രാവണപ്രഭു കൂടി എത്തുന്നു എന്ന വിവരം പുറത്തുവരുന്നത്. മാറ്റിനി നൗ ആണ് ചിത്രം റീ മാസ്റ്റർ ചെയ്തു പുറത്തിറക്കുന്നത്. മാറ്റിനി നൗവിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് റീ റിലീസിന്റെ വിവരം പുറത്തുവിട്ടത്. 4K ഡോൾബി അറ്റ്മോസിലാകും സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. അടുത്ത വർഷം ജനുവരിയിലോ മാർച്ചിലോ ആകും സിനിമ പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ട്.
രഞ്ജിത്തിന്റെ സംവിധാനത്തിലെത്തിയ ചിത്രം 2001 ഒക്ടോബറിലാണ് പ്രേക്ഷകരിലേക്കെത്തിയത്. മോഹൻലാൽ ഡബിൾ റോളിലെത്തിയ രാവണ പ്രഭുവിൽ വസുന്ധര ദാസ് ആയിരുന്നു നായിക. നെപ്പോളിയൻ, സിദ്ദിഖ്, ഇന്നസെന്റ്, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. പി സുകുമാർ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. രഞ്ജിത്തിന്റെ സംവിധാന അരങ്ങേറ്റം കൂടിയായിരുന്നു രാവണപ്രഭു.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചത്. 1993 ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു രാവണപ്രഭു. ദേവാസുരത്തിന്റെ കഥയും രഞ്ജിത്തിന്റേതായിരുന്നു.
തേന്മാവിൻ കൊമ്പത്ത്, ട്വന്റി 20 തുടങ്ങിയ ചിത്രങ്ങളുടെ ഫോർ കെ റീമാസ്റ്ററിങ് ജോലികൾ നടക്കുന്നുണ്ട്. തിയേറ്റർ റിലീസിനുള്ള റീ മാസ്റ്ററിങ്ങിനെക്കാൾ ചെലവ് കുറവാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്കുള്ള റീ മാസ്റ്ററിങ്ങിന്. അതിനാൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഇനിയും സിനിമകൾ പ്രതീക്ഷിക്കാം.
Ravanaprabhu Rerelease



