പ്രശസ്ത റാപ്പർ വേടൻ (ഹിരൺദാസ് മുരളി) വിവാഹിതനാകുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 24-ന് തൃശൂരിൽ വെച്ചാണ് വിവാഹം. രജിസ്റ്റർ വിവാഹമായിരിക്കുമെന്ന് വേടൻ അറിയിച്ചു.
കണ്ണൂർ ധർമശാലയിൽ നടന്ന ‘ഹാപ്പിനസ് ഫെസ്റ്റിവലി’നിടെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വേടന്റെ വിവാഹവാർത്ത അപ്രതീക്ഷിതമായി വേദിയിൽ വെളിപ്പെടുത്തിയത്. ചടങ്ങിൽ വേടനെ പൊന്നാടയണിയിച്ച് ആദരിച്ച മാഷ്, പ്രസംഗത്തിനിടെ റാപ്പർ വിവാഹിതനാകാൻ പോകുന്ന കാര്യം പറയുകയായിരുന്നു. പിന്നാലെ വേടൻ തന്നെ വാർത്ത സ്ഥിരീകരിക്കുകയും ചെയ്തു. ലളിതമായ ചടങ്ങുകളോടെയുള്ള രജിസ്റ്റർ വിവാഹമായിരിക്കും നടക്കുകയെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും വേടൻ വേദിയിൽ പറഞ്ഞു.
നേരത്തെ പൊതുവേദികളിലും അവാർഡ് ചടങ്ങുകളിലും നവമി ലത വേടനൊപ്പം എത്താറുണ്ടായിരുന്നു. 2025-ൽ പുറത്തിറങ്ങിയ വേടന്റെ ഹിറ്റ് ഗാനമായ ‘മോണലോവ’ തന്റെ കാമുകിക്ക് വേണ്ടിയുള്ള സമ്മാനമാണെന്ന് താരം മുൻപ് വെളിപ്പെടുത്തിയിരുന്നു. കാമുകിയെ മോണലോവ അഗ്നിപർവതത്തോട് ഉപമിച്ചാണ് ഈ ഗാനം രചിച്ചത്. ‘വോയ്‌സ് ഓഫ് ദി വോയ്‌സ്‌ലെസ്സ്’ എന്ന ആൽബത്തിലൂടെ ശ്രദ്ധേയനായ വേടൻ, ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ചിത്രത്തിലെ ‘കുതന്ത്രം’ എന്ന ഗാനത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്. ‘ഭൂമി ഞാൻ വാഴുന്നിടം’, ‘എണ്ണക്കറുപ്പി’ തുടങ്ങിയവയാണ് മറ്റ് പ്രധാന ആൽബങ്ങൾ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Rapper Vedan Marriage Announcement



