ട്രോയിസ്-റിവിയേർസ്: ക്യുബെക്കിൽ വാടകക്കാരൻ ഹീറ്റിംഗ് സംവിധാനം ഓഫാക്കി വീടുവിട്ടുപോയതിനെത്തുടർന്ന് അപ്പാർട്ട്മെന്റിനുള്ളിൽ മഞ്ഞുറഞ്ഞുകൂടി വൻ നാശനഷ്ടം. ട്രോയിസ്-റിവിയേർസ് നഗരത്തിലെ ഒരു ട്രിപ്പിൾക്സ് കെട്ടിടത്തിലെ അപ്പാർട്ട്മെന്റാണ് കടുത്ത തണുപ്പിൽ പൈപ്പുകൾ പൊട്ടി വെള്ളം പുറത്തുവന്ന് ‘ഐസ് കാസിൽ’ അവസ്ഥയിലായത്. മൊണ്ട്രിയാലിൽ നിന്ന് രണ്ട് മണിക്കൂർ ദൂരെയുള്ള ഈ പ്രദേശത്ത് ശൈത്യകാലത്തെ അതികഠിനമായ തണുപ്പാണ് നാശനഷ്ടത്തിന്റെ തീവ്രത വർധിപ്പിച്ചത്.
കെട്ടിട ഉടമസ്ഥരായ ‘ലോഗിസ്പ്രോ മൗറിസി’യിലെ ജാക് നാൾട്ട് ആണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. മാസങ്ങളായി ഇവിടെ താമസിക്കാതിരുന്ന വാടകക്കാരൻ വൈദ്യുതി ലാഭിക്കുന്നതിനായി ഹീറ്റിംഗ് സംവിധാനം പൂർണ്ണമായും ഓഫ് ചെയ്യുകയായിരുന്നു. ഇതുമൂലം പൈപ്പുകളിലെ വെള്ളം കട്ടപിടിക്കുകയും സമ്മർദ്ദം മൂലം പൈപ്പുകൾ തകരുകയും ചെയ്തു. ചോർന്നൊലിച്ച വെള്ളം വീടിനുള്ളിൽ ഉടനീളം ഐസായി മാറിയ നിലയിലായിരുന്നു.
കെട്ടിടത്തിന്റെ മേൽക്കൂരയിലും ഭിത്തികളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ജാക് നാൾട്ട് വ്യക്തമാക്കി. ഈ ഈർപ്പം തുടരുന്നത് കെട്ടിടത്തിനുള്ളിൽ പൂപ്പൽ (Fungus) പടരാനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കി, കേടുപാടുകൾ സംഭവിച്ച ഭാഗങ്ങൾ നീക്കം ചെയ്ത് ഈർപ്പം പൂർണ്ണമായും മാറ്റിയ ശേഷമേ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകൂ. തന്റെ ഔദ്യോഗിക ജീവിതത്തിൽ ഇത്തരമൊരു സംഭവം ആദ്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവിതച്ചെലവ് കൂടിവരുന്ന സാഹചര്യത്തിൽ, വൈദ്യുതി ബില്ല് കുറയ്ക്കാനായി പലരും വീടുപൂട്ടി പുറത്തുപോകുമ്പോൾ ഹീറ്റർ ഓഫ് ചെയ്യാറുണ്ടെന്ന് നാൾട്ട് പറഞ്ഞു. എന്നാൽ കടുത്ത തണുപ്പുള്ള സമയത്ത് വീടിനുള്ളിൽ ചൂട് നിലനിർത്തിയില്ലെങ്കിൽ പൈപ്പുകൾ തണുത്തുറഞ്ഞ് പൊട്ടാൻ സാധ്യതയുണ്ട്. പണം ലാഭിക്കാൻ വേണ്ടി ചെയ്യുന്ന ഇത്തരം കാര്യങ്ങൾ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. ലാഭിക്കുന്ന ചെറിയ തുകയെക്കാൾ എത്രയോ ഇരട്ടി പണം പിന്നീട് അറ്റകുറ്റപ്പണികൾക്കായി ചിലവാക്കേണ്ടി വരുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Wanted to save on bills, got an 'ice palace' instead; Quebec tenant's 'intelligence' by turning off heater



