മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ സമ്മതമില്ലാതെ 14 വയസ്സിന് താഴെയുള്ള യുവാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിക്കണമെന്ന ശുപാർശയുമായി ക്യുബെക്ക് നിയമസഭാംഗങ്ങളുടെ കമ്മറ്റി. സ്കൂളുകളിൽ സെൽഫോൺ നിരോധനത്തിന് പിന്നാലെയാണ് കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗ നിയന്ത്രണം.
യുവാക്കളുടെ ആരോഗ്യത്തിൽ സ്ക്രീൻ സമയത്തിൻ്റെ സ്വാധീനത്തെക്കുറിച്ച് പഠിക്കുന്ന സർവകക്ഷി സമിതിയുടെ അന്തിമ റിപ്പോർട്ടിലാണ് ഈ ശുപാർശ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ക്യുബെക്ക് സർക്കാർ എലിമെന്ററി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സ്കൂൾ ദിവസങ്ങളിൽ ക്ലാസ് മുറികളിൽ സെൽഫോൺ നിരോധനം ഏർപ്പെടുത്തിയിരുന്നു.
ചില സോഷ്യൽ മീഡിയ സൈറ്റുകൾക്ക് ഇതിനകം തന്നെ പ്രായപരിധികളുണ്ടെന്നും എന്നാൽ യുവാക്കൾക്ക് അവ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഈ ശുപാർശ മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും സോഷ്യൽ മീഡിയയുടെ അപകടസാധ്യതകളെക്കുറിച്ച് സൂചന നൽകുന്നതായി കമ്മിറ്റി അംഗം അലക്സാണ്ടർ ലെഡക് പറയുന്നു. ഫ്രാൻസും ഓസ്ട്രേലിയയും യഥാക്രമം പതിനഞ്ചും പതിനാറും വയസ്സ് പ്രായമുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.






