റെസിഡൻഷ്യൽ നിർമ്മാണ മേഖലയിലെ സമരം തുടർന്നുകൊണ്ടിരിക്കെ, അലയൻസ് സിൻഡിക്കേൽ ഡി ലാ കൺസ്ട്രക്ഷനിൽപ്പെട്ട ഏകദേശം 1,000 തൊഴിലാളികൾ ബുധനാഴ്ച ക്യൂബെക്കിൽ എപിസിഎച്ച്ക്യു ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ആഴ്ചകളായി തുടരുന്ന ചർച്ചകൾ ഒരു പ്രതീക്ഷയും സൃഷ്ടിച്ചില്ലെന്നും, തൊഴിലാളികളുടെ താത്പര്യങ്ങൾ അവഗണിക്കപ്പെടുകയാണെന്നും യൂണിയനുകൾ ആരോപിക്കുന്നു.
തുല്യ ജോലിക്ക് തുല്യ വേതനം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടുള്ള പരിപാടി സമാധാനപരമായിരുന്നു. 60,000 റെസിഡൻഷ്യൽ നിർമ്മാണ തൊഴിലാളികൾക്ക് മറ്റ് മേഖലകളിലെ നിർമ്മാണ തൊഴിലാളികൾക്ക് ലഭിക്കുന്ന അതേ വേതന വർദ്ധനവ് ലഭിക്കണം എന്നുള്ളതാണ് അവരുടെ പ്രധാന ആവശ്യം. പ്രതിഷേധത്തിന്റെ വലിപ്പം കാരണം തെരുവുകൾ അടച്ചിടുകയും, ബസ് സ്റ്റോപ്പുകൾ തത്ക്കാലത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടതായി വരികയും ചെയ്തു.



