കാനഡയിലെ ക്യൂബെക് പ്രവിശ്യയിൽ വൻതോതിൽ വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിച്ചിരുന്ന ഒരു സംഘത്തെ പോലീസ് പിടികൂടി. ക്യൂബെക് പ്രൊവിൻഷ്യൽ പോലീസ് (SQ) നടത്തിയ റെയ്ഡിൽ ആയിരത്തോളം വ്യാജ തിരിച്ചറിയൽ രേഖകളും, അത്യാധുനിക ഉപകരണങ്ങളും കണ്ടെടുത്തു. ഇത് ഒരു വലിയ തട്ടിപ്പ് ശൃംഖലയുടെ ഭാഗമാണെന്നാണ് പോലീസ് പറഞ്ഞു.
മാർച്ച് 21-ന് രഹസ്യമായി നടത്തിയ ഈ ഓപ്പറേഷനിൽ വ്യാജ ഡ്രൈവിംഗ് ലൈസൻസുകൾ, റസിഡൻസി കാർഡുകൾ, ഹെൽത്ത് കാർഡുകൾ, സോഷ്യൽ ഇൻഷുറൻസ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവയും പിടിച്ചെടുത്തു. അതോടൊപ്പം, എംബോസിംഗ് മെഷീനുകൾ, പ്രത്യേക പ്രിന്ററുകൾ, ലാമിനേറ്റിംഗ് ഉപകരണങ്ങൾ, ലേസർ കൊത്തുപണി ചെയ്യുന്ന യന്ത്രം, വ്യാജരേഖകൾ കണ്ടുപിടിക്കാനുള്ള ഉപകരണങ്ങൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഒരേ പേരിലുള്ള നിരവധി വ്യാജ തിരിച്ചറിയൽ രേഖകൾ അടങ്ങിയ പാക്കറ്റുകളും, ഒഴിഞ്ഞ കാർഡുകൾ, ഹോളോഗ്രാമുകൾ, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവയും പോലീസ് കണ്ടെത്തി.
ഈ വ്യാജരേഖകൾ വളരെ ഉയർന്ന നിലവാരമുള്ളവയാണെന്നും, പ്രത്യേക ഉപകരണങ്ങൾ ഉപയോഗിക്കാതെ കണ്ടുപിടിക്കാൻ കഴിയില്ലെന്നും പോലീസ് പറഞ്ഞു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും അന്വേഷണം പുരോഗമിക്കുകയാണെന്നും, കേസിന്റെ സുഗമമായ നടത്തിപ്പിനായി റെയ്ഡ് നടന്ന സ്ഥലം പുറത്തുവിടാൻ കഴിയില്ലെന്നും SQ അറിയിച്ചു.






