കഴിഞ്ഞ വെള്ളിയാഴ്ച ക്യൂബെക്കിലെ നറ്റാഷ്ക്വാനിന് സമീപമുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. ക്യുബെക്കിന്റെ പ്രൊവിൻഷ്യൽ പോലീസിന്റെ ഡൈവർ സംഘം ബുധനാഴ്ച വൈകുന്നേരം വാട്ട്ഷിഷു തടാകത്തിൽ നിന്നാണ് രണ്ട് ജീവനക്കാരുടെയും ഒരു രോഗിയുടെയും മൃതദേഹം കണ്ടെത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററും തടാകത്തിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതോടെ മെഡിക്കൽ ഹെലികോപ്റ്റർ അപകടവുമായി ബന്ധപ്പെട്ട് ആറുദിവസത്തോളം നീണ്ട തിരച്ചിൽ അവസാനിച്ചതായി അധികൃതർ അറിയിച്ചു. മോൺട്രിയൽ ആസ്ഥാനമായുള്ള എയർമെഡിക് കമ്പനിയാണ് ഈ വിവരം സ്ഥിരീകരിച്ചത്.
ഹെലികോപ്റ്ററിൽ നാല് ജീവനക്കാരും ഒരു രോഗിയും ഉൾപ്പെടെ അഞ്ച് പേരാണ് യാത്ര ചെയ്തിരുന്നത്. വെള്ളിയാഴ്ച രാത്രി 10:30-ഓടെയാണ് വാട്ട്ഷിഷു തടാകത്തിലേക്ക് ഹെലികോപ്റ്റർ പതിച്ചത്. അപകടസമയത്ത് ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ട് മറ്റൊരു ജീവനക്കാരന്റെ മൃതദേഹം തിങ്കളാഴ്ച രാത്രിയോടെ കണ്ടെത്തിയിരുന്നു.
മരിച്ചവരുടെ ഔദ്യോഗിക തിരിച്ചറിയൽ കൊറോണർ വഴിയാണ് നടത്തുകയെന്നും കുടുംബത്തിന്റെ അനുമതി ലഭിച്ചശേഷം മാത്രമേ വിവരങ്ങൾ പുറത്തുവിടുകയുള്ളൂ എന്നും എയർമെഡിക് അറിയിച്ചു. ജീവനക്കാരുടെ മാനസികാരോഗ്യവും ക്ഷേമവും കണക്കിലെടുത്ത്, എയർമെഡിക് ഈ ആഴ്ച അതിന്റെ എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. കാനഡയുടെ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (TSB) അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.



