ക്യുബെക്കിലെ ലാസാൽ കോളേജിന് കനത്ത തിരിച്ചടി നൽകി സർക്കാർ. പ്രാദേശിക ഭാഷാ നിയമം ലംഘിച്ചതിന്റെ പേരിൽ 30 ദശലക്ഷം ഡോളറിന്റെ ഫണ്ടിംഗ് ക്യുബെക്ക് സർക്കാർ വെട്ടിക്കുറച്ചു. ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കോളേജ് അധികൃതർ ക്ലാസ്സുകൾ നിർത്തിവെച്ചതോടെ വിദ്യാർത്ഥികൾ ആശങ്കയിലാണ്. എന്നാൽ, നിയമങ്ങൾ പാലിക്കാത്തതുകൊണ്ടാണ് ഈ നടപടിയെന്നും, അതിൽ നിന്ന് പിന്നോട്ടില്ലെന്നും ക്യുബെക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി പാസ്കൽ ഡെറി വ്യക്തമാക്കി. നിയമം വരുന്നതിന് മുൻപ് തന്നെ ലാസാൽ കോളേജിന് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും, അവർ അത് അവഗണിച്ചതായും മന്ത്രി ആരോപിച്ചു.
പുതിയ നിയമം നിലവിൽ വന്നതിന് ശേഷം ഇംഗ്ലീഷ് ഭാഷാ കോഴ്സുകളിലേക്ക് അനുവദനീയമായതിലും 1800-ഓളം വിദ്യാർത്ഥികളെ അധികമായി പ്രവേശിപ്പിച്ചതാണ് സർക്കാർ നടപടിക്ക് കാരണം. ഫണ്ട് വെട്ടിക്കുറച്ചത് കോളേജിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും 4500-ഓളം വിദ്യാർത്ഥികളുടെയും 700-ഓളം ജീവനക്കാരുടെയും ഭാവിക്ക് ഇത് ഭീഷണിയാണെന്നും കോളേജ് അധികൃതർ പറയുന്നു. എന്നാൽ, കോളേജ് ഡയറക്ടർ വിദ്യാർത്ഥികളെ ‘ബന്ദിയാക്കുകയാണെന്ന്’ മന്ത്രി ആരോപിച്ചു. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ തയ്യാറാണെന്നും ചർച്ചയ്ക്ക് വരണമെന്നും മന്ത്രി ലാസാൽ കോളേജ് ഡയറക്ടറോട് ആവശ്യപ്പെട്ടു.
അതേസമയം, ക്ലാസുകൾ റദ്ദാക്കിയതിൽ വിദ്യാർത്ഥികൾ നിരാശയിലാണ്. വേനൽക്കാല അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നതിനായി ആകാംഷയോടെ കാത്തിരുന്ന അവർക്ക് ക്ലാസുകൾ റദ്ദാക്കിയത് വലിയ നിരാശയുണ്ടാക്കി. എന്നാൽ, കോളേജിന്റെ ഈ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നുവെന്ന് ചില വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. ഫണ്ട് വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോളേജ് പ്രിമിയർ ഫ്രാങ്കോയിസ് ലെഗോൾട്ടിന് കത്തയച്ചു. ഫണ്ട് പിൻവലിക്കാനുള്ള തീരുമാനം അമിതവും ദുരുപയോഗപരവുമാണെന്നും, ഇത് വിദ്യാർത്ഥികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു. വിഷയത്തിൽ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
Quebec government cuts $30 million in funding to LaSalle College for violating language law






