മോൺട്രിയൽ: ക്യുബെക്കിൽ താഴ്ന്ന വേതന വിഭാഗത്തിലുള്ള താത്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിൻ്റെ (TFWP – Temporary Foreign Worker Program) കീഴിലുള്ള വർക്ക് പെർമിറ്റ് അപേക്ഷകൾക്കുള്ള നിരോധനം 2026 ഡിസംബർ 31 വരെ നീട്ടി. ഇത് മോൺട്രിയൽ, ലാവൽ പ്രദേശങ്ങളിലെ വിദേശ തൊഴിലാളികളെയും തൊഴിലുടമകളെയും കാര്യമായി ബാധിക്കും. വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ അത്യാവശ്യമായ ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെൻ്റ് (LMIA) അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നത് നിർത്തിവെച്ചതായി പ്രവിശ്യയുടെ ഇമിഗ്രേഷൻ അതോറിറ്റി അറിയിച്ചു.
എന്താണ് ഈ നിരോധനം?
നിലവിലെ കണക്കനുസരിച്ച് മണിക്കൂറിന് $34.62-ൽ താഴെ വേതനം നൽകുന്ന ജോലികൾക്കാണ് ഈ വിലക്ക് ബാധകം. മോൺട്രിയൽ, ലാവൽ എന്നീ അഡ്മിനിസ്ട്രേറ്റീവ് മേഖലകളിലാണ് നിരോധനം. ഈ മൊറട്ടോറിയം ആദ്യം 2024 ഓഗസ്റ്റിൽ ഏർപ്പെടുത്തുകയും 2025 നവംബർ 30 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നതും ആയിരുന്നു. എന്നാൽ ഇത് ഇപ്പോൾ 2026 ഡിസംബർ 31 വരെ നീട്ടി.
ക്യുബെക്കിലെ തൊഴിലാളി ക്ഷാമമുള്ള പ്രത്യേക ജോലികൾക്കായി റിക്രൂട്ട്‌മെൻ്റ് തെളിവുകൾ ഇല്ലാതെ LMIA അപേക്ഷിക്കാൻ സഹായിക്കുന്ന ഫാസിലിറ്റേറ്റഡ് LMIA പ്രോസസ്സിനെയും ഈ വിലക്ക് ബാധിക്കും. നിലവിൽ ജോലി ചെയ്യുന്നവർക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നതിനും വിലക്ക് ബാധകമാണ്.
ഏതൊക്കെ പ്രദേശങ്ങളെ ബാധിക്കും?
മോൺട്രിയൽ, ലാവൽ നഗരങ്ങളും, ബാ-ഡി’ഉർഫെ, ബീക്കൺസ്ഫീൽഡ്, കോട്ട്-സെൻ്റ്-ലൂക്ക്, ഡോലാർഡ്-ഡെസ്-ഓർമോക്സ്, ഡോർവാൽ, വെസ്റ്റ്മൗണ്ട് തുടങ്ങി മോൺട്രിയൽ ദ്വീപിലെ മറ്റു മുനിസിപ്പാലിറ്റികളെയും ഈ നിരോധനം ബാധിക്കും.
ആർക്കൊക്കെ ഇളവുകൾ? (Exemptions)
താഴെ പറയുന്ന മേഖലകളിലെ തൊഴിലാളികൾക്ക് നിരോധനം ബാധകമല്ല:
മോൺട്രിയൽ, ലാവൽ മേഖലകൾക്ക് പുറത്തുള്ള ജോലികൾ.
ഫെഡറൽ ഉയർന്ന വേതന പരിധിയോ അതിൽ കൂടുതലോ നൽകുന്ന ജോലികൾ.
കൃഷി (Agriculture), നിർമ്മാണം (Construction), ഭക്ഷ്യ സംസ്കരണം (Food Processing), വിദ്യാഭ്യാസം (Education), ആരോഗ്യ-സാമൂഹിക സേവനങ്ങൾ (Health and Social Services), ഹോം ഹെൽത്ത് കെയർ പ്രൊവൈഡർമാർ എന്നിവ ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത വ്യവസായങ്ങളിലെ ജോലികൾ.
കാനഡയിലെ മറ്റ് മെട്രോപൊളിറ്റൻ പ്രദേശങ്ങളിലും (തൊഴിലില്ലായ്മ നിരക്ക് 6% അല്ലെങ്കിൽ അതിൽ കൂടുതലുള്ള) ഫെഡറൽ സർക്കാർ സമാനമായ LMIA പ്രോസസ്സിംഗ് ഫ്രീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ താത്കാലിക താമസക്കാരുടെയും (തൊഴിലാളികൾ, വിദ്യാർത്ഥികൾ) എണ്ണം നിയന്ത്രിക്കുന്നതിനും വർധിച്ചുവരുന്ന താമസ, ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കുന്നതിൻ്റെയും ഭാഗമായാണ് ഈ നടപടി.
നിലവിൽ കാനഡയിലെ 32 മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ താഴ്ന്ന വേതന LMIA അപേക്ഷകൾ സ്വീകരിക്കുന്നില്ല. ക്യുബെക് ഈ കാലാവധി 2026 അവസാനം വരെ നീട്ടിയപ്പോൾ, മറ്റ് പ്രദേശങ്ങളിൽ 2026 ജനുവരി 6 വരെയാണ് നിലവിലെ നിരോധനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Quebec extends freeze on low-wage TFWP work permits






